മൂന്നുമാസമായിട്ടും കർണാടക മന്ത്രിസഭയിൽ വനിതകളില്ല; കോൺഗ്രസ് സർക്കാറിനെതിരെ വിമർശനം ഉയരുന്നു
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭ അധികാരമേറ്റ് മൂന്ന് മാസമായിട്ടും മന്ത്രിയായി ഒരു വനിതയെ പോലും ഉൾപ്പെടുത്താത്തതിൽ വിമർശനം ഉയരുന്നു. കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യ രാജിവെച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായ ശിവകുമാർ, രണ്ടുപ്രാവശ്യമായി മന്ത്രിസഭ വികസിപ്പിച്ചിട്ടും വനിതകൾ പുറത്തുതന്നെ.
നിലവിൽ 32 പേരാണ് സംസ്ഥാനത്ത് മന്ത്രിമാരായി ഉള്ളത്. 33 മന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും, വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ബി. നാഗേന്ദ്ര രാജിവെച്ചിരുന്നു. 224 അംഗ നിയമസഭയിൽ പരമാവധി 34 പേർക്കാണ് മന്ത്രിമാരാകാൻ അവസരമുള്ളത്. നാഗേന്ദ്ര രാജിവെച്ചതോടെ നിലവിൽ രണ്ടുപേർക്കു കൂടി മന്ത്രിമാരാകാൻ കഴിയും.
ആഗസ്റ്റ് മധ്യത്തിൽ നിയമസഭ സമ്മേളിച്ചപ്പോൾ, വനിതാ മന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നെങ്കിലും എത്രയും വേഗം ഉൾപ്പെടുത്തുമെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ഹൈകമാൻഡ് തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷമായ ബി.ജെ.പിയും ജനതാദൾ എസും ഇക്കാര്യത്തിൽ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു.
രണ്ടാംഘട്ടം മന്ത്രിസഭ വികസിപ്പിച്ചപ്പോൾ, എം.എൽ.സിയായ ഗായത്രി ശാന്തേഗൗഡ മന്ത്രിമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. കുറുബ സമുദായ നേതാവായ ഗായത്രിയെ മന്ത്രിയാക്കുന്നതോടെ വനിത പ്രാതിനിധ്യവും കുറുബ സമുദായ പ്രാതിനിധ്യവും ഒരുമിച്ച് പരിഹരിക്കാൻ കഴിയുമെന്നായിരുന്നു കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ, സിദ്ധരാമയ്യയുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റേണ്ടി വന്നു.
ബെളഗാവി റൂറൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലക്ഷ്മി ആർ. ഹെബ്ബാൾകറായിരുന്നു സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിത മന്ത്രി. എസ്.എം. കൃഷ്ണയുടെ (1999-2004) മന്ത്രിസഭയിൽ നാല് വനിതാ മന്ത്രിമാർ ഉണ്ടായിരുന്നതാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഉയർന്ന പ്രാതിനിധ്യം.
നാഗേന്ദ്രയുടെ രാജിയെ തുടർന്ന് മന്ത്രിസഭയിൽ ഒരു വനിതയെയെങ്കിലും ഉൾപ്പെടുത്തണമെന്ന ആവശ്യം കൂടുതൽ ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

