Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഥനോൾ കലർന്ന പെട്രോൾ മൂലം വാഹനങ്ങൾക്ക് തകരാർ; നഷ്ടപരിഹാര ഫണ്ട് വേണമെന്ന് കർണാടക കേന്ദ്രത്തോട്​

text_fields
bookmark_border
E20 Petrol Fuel filling
cancel
camera_alt

ഇ-20 പെട്രോൾ

ബെംഗളൂരു: എഥനോൾ കലർത്തിയ പെട്രോളിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ പുതിയ നീക്കവുമായി കർണാടക സർക്കാർ. നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം വേണമെന്നാണ് കർണാടകയുടെ ആവശ്യം. പെട്രോളിൽ യഥാർഥത്തിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

എഥനോൾ കലർത്തിയ പെട്രോളിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചത്. നവംബർ 17-ന് അയച്ച കത്തിൽ അഞ്ച് പ്രധാന ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി പ്രത്യേക ഇ-20 ഫണ്ട് രൂപീകരിക്കണമെന്നാണ് ഇതിൽ പ്രധാനം.പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിലെ എഥനോളിന്റെ യഥാർഥ അളവ് പ്രദർശിപ്പിക്കണം. ഇന്ധനം വാങ്ങുമ്പോൾ നൽകുന്ന ബില്ലിലും എഥനോളിന്റെ ശതമാനം രേഖപ്പെടുത്തണം. ഉപഭോക്താക്കൾക്ക് ഇ-20 പെട്രോളിന് പുറമെ ഇ-10, എഥനോൾ കലർത്താത്ത പെട്രോൾ എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉറപ്പാക്കണം.ഇതിനുപുറമെ, സർക്കാർ അംഗീകാരമുള്ള സ്വതന്ത്ര ലബോറട്ടറികളിലൂടെ ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയിൽ കണ്ടെത്തിയത് 31 ശതമാനം വരെ എഥനോൾ?

കർണാടകയിലെ വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളുടെ പരിശോധനയാണ് വിവാദത്തിന് പിന്നിൽ. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിൽ സ്വതന്ത്ര ലബോറട്ടറികളിൽ പരിശോധിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലാണെന്നാണ് മന്ത്രി പറയുന്നത്​ . ചില സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായും സർക്കാർ പറയുന്നു. എന്നാൽ ഈ പരിശോധനാഫലങ്ങളുടെ വിശ്വാസ്യതയും സാമ്പിളുകൾ ശേഖരിച്ച രീതിയും സംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, കർണാടകയിൽനിന്നുള്ള 56 സാമ്പിളുകൾ പരിശോധിച്ചപ്പോൾ എഥനോളിന്റെ അളവ് 19 മുതൽ 20 ശതമാനം വരെയായിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 സാമ്പിളുകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുവെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പരിശോധനാരീതിയും സാമ്പിളുകളുടെ വിശ്വാസ്യതയും സംബന്ധിച്ച തർക്കം തുടരുകയാണ്.

കേരളത്തിലും പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രത്യേക പരിശോധനാ കിറ്റുകൾ സംസ്ഥാനത്തെ മൂന്ന് സർക്കാർ ലബോറട്ടറികൾക്ക് കൈമാറിയിട്ടുണ്ട്.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിലാണ് പരിശോധന നടത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം കിറ്റുകൾ ലഭ്യമാക്കിയത്.നവംബർ 17-ന് പുറത്തുവന്ന വിവരമനുസരിച്ച്, 13 പെട്രോൾ സാമ്പിളുകൾ ഇതിനകം ലബോറട്ടറികൾക്ക് കൈമാറിയിരുന്നു. പരിശോധനാഫലത്തിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.എഥനോൾ കലർത്തിയ പെട്രോളിനെക്കുറിച്ചുള്ള ചർച്ചയിൽ വാഹന ഉടമകളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് മൈലേജ് കുറയുമോ എന്നതാണ്. പഴയ മോഡൽ വാഹനങ്ങളുടെ ഉടമകൾ ഇന്ധനക്ഷമത കുറയുന്നതായും ചില എൻജിൻ ഘടകങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നതായും പരാതികൾ ഉന്നയിച്ചിട്ടുണ്ട്.
എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ കലർത്തുന്ന സാഹചര്യമുണ്ടെങ്കിൽ അതിന് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നുമാണ് കർണാടകയുടെ നിലപാട്. കേരളത്തിലും പരിശോധനാഫലങ്ങൾ പുറത്തുവരുന്നതോടെ ഇ-20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E20 Petrol: Karnataka Seeks Compensation Fund, Kerala Begins Testing
Next Story