‘എൻജിനുകൾ തുടർച്ചയായി ഓഫാകുന്നു, മൈലേജും കുറഞ്ഞു’; 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നതിന്‍റെ രേഖകൾ കൈയിലുണ്ടെന്ന് ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ഇ20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാറിന്‍റെ ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതുമൂലം വാഹനങ്ങൾക്കുണ്ടാകുന്ന തകരാറുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികൾ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലരുന്നുവെന്ന ആരോപണം കർണാടകക്ക് മാത്രമുള്ളതല്ല. രാജ്യത്തെ മുഴുവൻ വാഹന ഉടമകളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണിതെന്നും യാത്രക്കാരുടെ സുരക്ഷയെ തന്നെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ20 പദ്ധതി പ്രകാരം 20 ശതമാനം വരെ എഥനോൾ ചേർക്കാനാണ് അനുമതിയുള്ളത്. എന്നാൽ സംസ്ഥാനത്ത് പലയിടത്തും ഇതിലും വളരെ കൂടുതൽ എഥനോൾ പെട്രോളിൽ കലരുന്നുണ്ടെന്നാണ് സർക്കാറിന്റെ കണ്ടെത്തൽ.
വാഹനങ്ങൾക്ക് തകരാർ നേരിടുന്നതായി നിരവധി പേരാണ് സർക്കാറിനെ സമീപിച്ചത്. മൈലേജ് പെട്ടെന്ന് കുറയുകയും നടുറോഡിൽ എഞ്ചിൻ ഓഫാകുകയും ചെയ്യുന്നതായാണ് പ്രധാന പരാതി. ഇതുവരെ 67 ഇടങ്ങളിൽ നിന്ന് സാമ്പിൾ എടുത്തിട്ടുണ്ട്. അന്വേഷണം മൂന്നിലൊന്ന് പിന്നിട്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. കേന്ദ്രത്തെ അറിയിച്ച ശേഷമാണ് പരിശോധന തുടങ്ങിയത്. ആയിരക്കണക്കിന് പേരാണ് പരാതിയുമായി എത്തിയത്.
‘സർക്കാറിന് വിഷയം മറച്ചുവെക്കാനാവില്ല. ഇതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. പരിശോധന നടത്തി. പെട്രോൾ പമ്പുകളിലാണ് ഇന്ധനത്തിൽ എഥനോൾ കലർത്തുന്നത്. ഇതുസംബന്ധിച്ച എല്ലാ രേഖകളും ഞങ്ങളുടെ കൈയിലുണ്ട്. വലിയ ആശങ്കയുണ്ടാക്കുന്നതാണിത്. കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാൽ കൂടുതൽ ലാഭമുണ്ടാക്കാനായി ഇത് ഇന്ധനത്തിൽ കലർത്തുകയാണ്’ -ശിവകുമാർ പറഞ്ഞു. ഏതൊക്കെ പമ്പുകളിലും ഡിപ്പോകളിലുമാണ് ഇത് നടക്കുന്നതെന്ന് മന്ത്രിമാർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. വില കുറഞ്ഞ എഥനോൾ വാങ്ങി പെട്രോളിൽ ചേർത്ത് വലിയ ലാഭം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഈ പ്രവൃത്തി സാധാരണക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ബിജെപി, ജെഡിഎസ് നേതാക്കൾ മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. അന്വേഷണത്തിൽ ഇതുവരെ ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ട മന്ത്രി നവംബർ 9 വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.
വെള്ളിയാഴ്ച കർണാടക സർക്കാർ പുറത്തുവിട്ട പരിശോധനാ ഫലം അനുസരിച്ച് പല പ്രമുഖ കമ്പനികളുടെയും പെട്രോളിൽ എഥനോൾ അളവ് കൂടുതലാണ്. ബംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഐഒസിഎല്ലിന്റെ പെട്രോളിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിന്റേതിൽ 30.5 ശതമാനവും ബിപിസിഎല്ലിന്റേതിൽ 26.5 ശതമാനവും നയാരയുടേതിൽ 26.1 ശതമാനവും ഷെല്ലിന്റേതിൽ 25.5 ശതമാനവും എഥനോൾ കണ്ടെത്തിയെന്നാണ് സർക്കാർ പറയുന്നത്. നഷ്ടം വന്ന വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് വേണമെന്ന് ഭക്ഷ്യമന്ത്രി റിസ്വാൻ അർഷദ് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഏഴു ജില്ലകളിൽനിന്ന് കർണാടക സർക്കാർ ശേഖരിച്ച സാമ്പിളുകളിലെല്ലാം എഥനോൾ ഏറെ കൂടുതലായിരുന്നെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ കമ്പനികൾക്കെതിരെയാണ് പരാതി. 20 ശതമാനത്തിലും കൂട്ടുന്നത് വാഹനങ്ങൾക്ക് അപകടകരമാകുമെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില കൽപിച്ചാണ് പമ്പുകളുടെ നടപടിയെന്ന് കർണാടക സർക്കാർ ആരോപിക്കുന്നു. ഐ.ഒ.സി.എൽ എണ്ണയിൽ എഥനോൾ 31.2 ശതമാനവും എച്ച്.പി.സി.എല്ലിൽ 30.5 ശതമാനവുമാണെന്ന് കർണാടക മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

