കസ്തൂരിരംഗൻ റിപ്പോർട്ടിൽ എതിർപ്പുമായി വീണ്ടും കർണാടക; സർവേ നമ്പർ അടിസ്ഥാനത്തിൽ പരിശോധന വേണമെന്ന് ആവശ്യം
text_fieldsബംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ കർണാടക സർക്കാർ വീണ്ടും രംഗത്ത്. റിപ്പോർട്ട് തയ്യാറാക്കിയത് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മതിയായ സ്ഥലപരിശോധന നടത്തിയിട്ടില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് ഗ്രാമതലത്തിലും സർവേ നമ്പർ അടിസ്ഥാനത്തിലും ഭൗതിക പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിലെ യഥാർഥ സാഹചര്യം മനസ്സിലാക്കാൻ പരിശോധന അനിവാര്യമാണെന്ന് പരമേശ്വര പറഞ്ഞു. ഓരോ ഗ്രാമവും പ്രത്യേകം പരിശോധിക്കുകയും സർവേ നമ്പർ അടിസ്ഥാനത്തിലുള്ള ഭൂപടങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പതിറ്റാണ്ടുകളായി പശ്ചിമഘട്ടമേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ ഉപജീവനമാർഗവും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ട് പ്രകാരം കർണാടകയിലെ 10 ജില്ലകളിലായി 20,668 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.എ) ഉൾപ്പെട്ടിട്ടുള്ളത്. 33 താലൂക്കുകളിലെ 1,576 ഗ്രാമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക പിഴവുകൾ തിരുത്തിയാൽ ഇത് 19,252.16 ചതുരശ്ര കിലോമീറ്ററായി കുറയുമെന്നാണ് കണക്ക്. ഇതിൽ 16,114.08 ചതുരശ്ര കിലോമീറ്റർ ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സംരക്ഷിത വനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള പ്രദേശത്തെ സംബന്ധിച്ച് പ്രത്യേക പരിശോധന വേണമെന്നാണ് കർണാടകയുടെ നിലപാട്.
ഖനനം, ക്വാറി, മണൽ ഖനനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും പുതിയ താപവൈദ്യുത നിലയങ്ങൾക്കും റെഡ് കാറ്റഗറി വ്യവസായങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുന്നതും വലിയ നിർമാണ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതുമാണ് റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ. പുതിയ ജലവൈദ്യുത പദ്ധതികൾക്കും നിബന്ധനകൾ ബാധകമാകും.
2014 മുതൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെ കർണാടക എതിർത്തിട്ടുണ്ട്. 2014ൽ രൂപീകരിച്ച സംസ്ഥാന മന്ത്രിസഭാ ഉപസമിതി 2015ൽ പശ്ചിമഘട്ടത്തിലുൾപ്പെട്ട ജില്ലകൾ സന്ദർശിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിച്ചിരുന്നു. തുടർന്ന് റിപ്പോർട്ടിനെതിരായ നിലപാട് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും വിവിധ കരട് വിജ്ഞാപനങ്ങളോടും എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
2022 ഏപ്രിലിൽ റിപ്പോർട്ട് പരിശോധിക്കാൻ കേന്ദ്രം സഞ്ജയ് കുമാർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ഉപഗ്രഹ സർവേയ്ക്കൊപ്പം വാസസ്ഥലങ്ങൾ, തോട്ടങ്ങൾ, വനഭൂമിയിലെ കൃഷിയിടങ്ങൾ എന്നിവയുടെ പരിശോധനയും സമിതി നടത്തുന്നുണ്ട്. സമിതിയുടെ കാലാവധി 2027 ജൂലൈ വരെ നീട്ടിയിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു.
കേന്ദ്രം വീണ്ടും വീണ്ടും കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും സംസ്ഥാനം എതിർപ്പ് അറിയിക്കുകയും ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും വിഷയം യുക്തിസഹമായ തീരുമാനത്തിലെത്തിക്കണമെന്നും പരമേശ്വര നിയമസഭാ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

