അസി. എൻജിനീയറുടെ അഭാവം; കുമ്പള പഞ്ചായത്തിൽ വികസന പദ്ധതികൾ താളം തെറ്റുന്നു
text_fieldsകുമ്പള ഗ്രാമപഞ്ചായത്ത് കാര്യാലയം
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അഭാവം വികസന പദ്ധതികളെയും ഭരണകാര്യങ്ങളെയും സാരമായി ബാധിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിങ് വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥനാണ് അസിസ്റ്റന്റ് എൻജിനീയർ. ഈ തസ്തികയിൽ കുമ്പളയിൽ മാസങ്ങളായി ഉദ്യോഗസ്ഥൻ ഇല്ല. ഇതുമൂലം 2025-26 വർഷത്തെ വാർഷിക പദ്ധതി പൂർത്തീകരണത്തിന് വലിയ തടസ്സമാണുള്ളത്.
2027 മാർച്ചിനു മുമ്പ് തീർക്കേണ്ട പദ്ധതികളിൽ ഇതുവരെ കുമ്പള ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത് 12 ശതമാനം മാത്രമാണ്. പദ്ധതി പ്രവർത്തനം മുടങ്ങുന്നത് പഞ്ചായത്തിലെ ആരോഗ്യ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അസിസ്റ്റന്റ് എൻജിനീയറുടെ അഭാവം തുടർ പ്രവർത്തനങ്ങൾക്കും ഫയൽ നീക്കങ്ങൾക്കും തടസ്സമാവുന്നുണ്ട്. വികസന പദ്ധതികളെ ബാധിക്കുന്നതിനാൽ പഞ്ചായത്ത് അംഗങ്ങൾക്കിടയിലും പരിഭവമുണ്ട്.
എങ്ങനെയാണ് ഭരണം മുന്നോട്ടുപോകുക എന്ന ആശങ്കയാണ് ഭരണസമിതിക്കുള്ളത്. വികസന സ്തംഭനാവസ്ഥ ഒഴിവാക്കാൻ അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എ.ഇ.യെ നിയമിച്ചുവെങ്കിലും അദ്ദേഹവും ഒന്നര മാസത്തെ അവധിയിലാണെന്നാണ് വിവരം.

