Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൻ വീഴ്ച;...

വൻ വീഴ്ച; മധ്യവർഗത്തോട് തോറ്റ ‘ആം ആദ്മി’; വീണത് കെജ്രിവാളിന്റെ ഡൽഹി മോഡൽ

text_fields
bookmark_border
വൻ വീഴ്ച; മധ്യവർഗത്തോട് തോറ്റ ‘ആം ആദ്മി’; വീണത് കെജ്രിവാളിന്റെ ഡൽഹി മോഡൽ
cancel

കോൺഗ്രസിനും ബി.ജെ.പിക്കുമിടയിൽ ബദലായി പതിറ്റാണ്ടുകാലം ഡൽഹി വാണ ആം ആദ്മി പാർട്ടി ഒടുവിൽ പിറന്ന മണ്ണിൽത്തന്നെ അടിപതറി വീണിരിക്കുന്നു. ഇത്രയും കാലം രാജ്യത്തിന് മുന്നിൽ ബദൽ വികസനത്തിന്റെ മാതൃകയായി ഉയർത്തിക്കാണിച്ചിരുന്ന ഡൽഹിയിൽ തന്നെ പാർട്ടിയുടെ പതനം സംഭവിച്ചതാണ് തോൽവിയുടെ ആഘാതമേറ്റുന്നത്. അരവിന്ദ് കെജ്രിവാൾ,മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ തുടങ്ങിയ തലമുതിർന്ന സ്ഥാപക നേതാക്കളെല്ലാം കാലിടറി വീഴുന്ന തരത്തിൽ സ്വന്തം കാലിനടിയിൽ നിന്ന് ആപ്പിന്റെ മണ്ണ് ഒലിച്ചുപോകുന്നതിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്.

രണ്ട് ഡൽഹികളുടെ പോരാട്ടം

മധ്യവർഗത്തിന്റെയും ആം ആദ്മിയുടെയും രണ്ടു ഡൽഹികൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഇക്കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ദലിതുകളും മുസ്‍ലിംകളും അടങ്ങുന്ന ദരിദ്രരും സാധാരണക്കാരുമായ വോട്ടർമാർ തിങ്ങിത്താമസിക്കുന്ന ആം ആദ്മിയുടെ (സാധാരണക്കാരന്റെ) ഡൽഹിയും ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരുമുള്ള വോട്ടർമാർ താമസിക്കുന്ന മധ്യവർഗത്തിന്റെ ഡൽഹിയും തമ്മിലായിരുന്നു ഇത്. ഈ പോരാട്ടത്തിൽ ആം ആദ്മിയുടെ ഡൽഹി തോറ്റിരിക്കുന്നു.

തങ്ങളുടെ ചെലവിൽ ചേരിനിവാസികൾക്കും സാധാരണക്കാരുടെയും ദരിദ്രരുടെയും ബസ്തികൾക്കും വാരിക്കോരി കൊടുക്കുകയാണ് ആം ആദ്മി പാർട്ടിയെന്ന തോന്നൽ ഡൽഹിയിലെ മധ്യവർഗത്തിനുണ്ടായിരുന്നു. നികുതിദായകരായ തങ്ങൾക്ക് ആപ് സർക്കാർ ഒന്നും തിരിച്ചുനൽകുന്നില്ലെന്ന ആവലാതി അവരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. അടിസ്ഥാന വർഗങ്ങളും പാർശ്വവത്കൃതരും തിങ്ങിത്താമസിക്കുന്ന ബസ്തികളിൽ കുടിവെള്ളവും വൈദ്യുതിയും സൗജന്യമായെത്തിക്കുന്നതും വോട്ടർമാരിൽ പകുതി പോലുമല്ലാത്ത സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതുമൊന്നും ക്ഷേമ പദ്ധതികളല്ലെന്നും കേവല സൗജന്യങ്ങളാണെന്നുമുള്ള വിചാരമായിരുന്നു ആപ്പിനെ തുണച്ചിരുന്ന മധ്യവർഗത്തിന്.

ആപ്പിനെ കൈവിട്ട ഡൽഹി മധ്യവർഗം

സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകളുടെ സൗജന്യ ബസ്‍ യാത്ര, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ക്ഷേമ പദ്ധതികൾ എന്നിവയേക്കാൾ അവർക്ക് വലുത് ഡൽഹിയിലെ വായുമലിനീകരണവും റോഡും ഓടയും മാലിന്യസംസ്കരണവും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളായിരുന്നു. വായു മലിനീകരണവും യമുനയുടെ മലിനീകരണവും അയൽ സംസ്ഥാനങ്ങൾ കൂടി ഒരുക്കുന്നതാണെന്നറിയാമെങ്കിലും കെജ്രിവാളിനെയും ആപ് സർക്കാറിനെയും ബി.ജെ.പിയെപ്പോലെ കോൺഗ്രസും പ്രതിസ്ഥാനത്ത് നിർത്തി.

മധ്യവർഗത്തിനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സർക്കാറിന് ശ്രദ്ധയില്ലെന്ന പരാതിയുമുയർന്നതോടെ ആപ്പിനെ തുണച്ചിരുന്ന പ്രത്യേകിച്ച് രാഷ്ട്രീയ നിലപാടില്ലാതെ എങ്ങോട്ടും ചാഞ്ചാടുന്ന ഈ മധ്യവർഗം 35 ശതമാനത്തോളം വരുന്ന ബി.ജെ.പിയുടെ ഉറച്ച വോട്ടുകൾക്കൊപ്പം ചേർന്നു. ദക്ഷിണ, പശ്ചിമ, പൂർവ ഡൽഹിയിലെ മധ്യവർഗ മണ്ഡലങ്ങളെല്ലാം ആപ്പിനെ കൈവിട്ടു.

ജനക്ഷേമ പദ്ധതികളിലൂടെ ഡൽഹി ആം ആദ്മി പാർട്ടിയുടേതാക്കിയ അരവിന്ദ് കെജ്രിവാളിന് അടിസ്ഥാന വർഗത്തോടുള്ള പ്രീണനനയം അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ലാതാക്കുന്നുവെന്ന ബി.ജെ.പി പ്രചാരണവും ഫലംകണ്ടു. ഇവരെ കൂടെ നിർത്താൻ 2023ൽ ആപ് മധ്യവർഗത്തിന്റ മാനിഫെസ്റ്റോ പോലുമിറക്കി. എങ്കിലും അതൊന്നും വിജയിച്ചില്ല. മറുഭാഗത്ത് ബി.ജെ.പി ആകട്ടെ ഏഴാം ശമ്പള കമീഷൻ കാലാവധി തീരും മുമ്പെ എട്ടാം ശമ്പള കമീഷനെ പ്രഖ്യാപിച്ചും ബജറ്റിൽ 12 ലക്ഷം വരെ ആദായ നികുതി ഇളവ് നൽകിയും അവരെ കൈയിലെടുത്തു. ഡൽഹി ആം ആദ്മിയുടേതാക്കിയ അരവിന്ദ് കെജ്രിവാളിനെ ഡൽഹിയിലെ മധ്യവർഗം അടിയോടെ വാരി.

പ്രതിച്ഛായ തകർത്ത ശീഷ് മഹലും മദ്യനയവും

അഴിമതിക്കെതിരെ വിദ്യാസമ്പന്നർ നയിക്കുന്ന പാർട്ടി എന്ന നിലക്കാണ് മധ്യവർഗം ആപ്പിനെ ചേർത്തുനിർത്തിയിരുന്നത്. ഒരു കാലത്ത് കോൺഗ്രസ് പ്രതിനിധാനം ചെയ്ത മധ്യവർഗക്കാരുടെ ഡൽഹിയെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ ഉപയോഗിച്ച് ഷീലാ ദീക്ഷിതിന്റെ പ്രതിച്ഛായ തകർത്ത് ആപ് സ്വന്തം കാൽചുവട്ടിലാക്കി. കീഴാളരുടെ ഡൽഹിക്കൊപ്പം അരാഷ്ട്രീയക്കാരുടെ മധ്യവർഗ ഡൽഹിയെ കൂടി കൂടെനിർത്തിയായിരുന്നു ബി.ജെ.പിക്കും കോൺഗ്രസിനും സാധ്യമാകാത്ത രണ്ട് വിജയങ്ങൾ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആപ് നേടിയിരുന്നത്.

എന്നാൽ, അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും അഴിമതി വിരുദ്ധ പ്രതിച്ഛായ മദ്യനയ കേസിലൂടെയും ശീഷ് മഹൽ വിവാദത്തിലൂടെയുമാണ് ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ചുനിന്ന് തകർത്തത്. പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ ശീഷ് മഹലും മദ്യനയവും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരത്തിലാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും അടിതെറ്റി വീഴുന്നത്. കെജ്രിവാളിന്റെ പ്രതിച്ഛായ പ്രധാന തെരഞ്ഞെടുപ്പു വിഷയമായതോടെ ഡൽഹിക്ക് ഇനിയും കെജ്രിവാളിനെ വേണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു വോട്ടർമാർക്ക് മുന്നിലുണ്ടായിരുന്നത്. പകരം വെക്കാൻ ബി.ജെ.പിക്ക് ഒരു മുഖ്യമന്ത്രി മുഖം ഇല്ലെന്ന ആപ്പിന്റെ പ്രചാരണത്തിനിടയിലും കെജ്രിവാളിനെ ഡൽഹി വേണ്ടെന്നുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aravind KejriwalDelhi Assembly Election 2025
News Summary - Kejriwal's Delhi model has fallen
Next Story