‘കേരള ക്ലബ്’ -മലയാളിയുടെ ഡൽഹിയിലെ പൈതൃക കേന്ദ്രം ഒഴിപ്പിക്കൽ ഭീഷണിയിൽ
text_fieldsഡൽഹിയിലെ കേരള ക്ലബ്
ന്യൂഡൽഹി: കാലപ്പഴക്കത്തിൽ ഒരു നുറ്റാണ്ടിനോട് അടുക്കുന്ന രാജ്യ തലസ്ഥാനത്തെ മലയാളികളുടെ പൈതൃകമായ കൊണാട്ട് പ്ലേസിലെ ‘കേരള ക്ലബ്’ ഒഴിപ്പിക്കൽ ഭീഷണിയിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് അവസാന ബ്രിട്ടീഷ് വൈസ്രോയി ലൂയി മൗണ്ട്ബാറ്റന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവും സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ സെക്രട്ടറിയുമായിരുന്ന വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി. മേനോന്‍ സ്ഥാപകനും സ്ഥാപക പ്രസിഡന്റുമായ കേരള ക്ലബാണ് ഒമ്പത് പതിറ്റാണ്ടിനിടയിൽ ആദ്യമായി അസ്തിത്വ ഭീഷണി നേരിടുന്നത്.
വാടക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കേ ഉടമയെന്നവകാശപ്പെട്ട് ഒരാൾ ഒഴിപ്പിക്കാൻ നൽകിയ ഹരജിയിൽ ഡൽഹി കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വിസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന കെ.പി.എസ്. മേനോൻ 1939ലെ ഓണാഘോഷ കാലത്താണ് അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംലയിലെ തന്റെ ഔദ്യോഗിക വസതിയില്‍ കേരള ക്ലബ് എന്ന ആശയവുമായി മുന്നോട്ടുവന്നത്. ഡല്‍ഹി മലയാളികളുടെ സ്വന്തം ക്ലബായി ജൻപഥിലെ (അന്ന് ക്വീന്‍സ് വേ) എ.ജി. മേനോന്‍റെ ഫ്ലാറ്റിൽ 1940 ഏപ്രില്‍ 14ന് വിഷു നാളിൽ കേരള ക്ലബ് രൂപംകൊണ്ടു. സ്ഥാപക പ്രസിഡന്‍റായി വി.പി. മേനോനും പിൽക്കാലത്ത് കേരള സർക്കാറിന്റെ ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.പി. പത്മനാഭനും തെരഞ്ഞെടുക്കപ്പെട്ടു.
ഏറെ താമസിക്കാതെ കോണാട്ട് പ്ലേസ് എം. ബ്ലോക്കിലെ പൂഞ്ച് ഹൗസിൽ 67 നമ്പര്‍ ഫ്ലാറ്റിലേക്ക് കേരള ക്ലബ് പ്രവര്‍ത്തനം മാറ്റി. അക്കാലത്ത് 75 രൂപയായിരുന്നു വാടക, പിന്നീട് കോടതി ഇടപെട്ട് അത് 264 രൂപയാക്കി ഉയർത്തി. കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ധാരാളം മുതിര്‍ന്ന മലയാളി ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന ആദ്യ കാലത്ത് ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള നക്ഷത്ര ക്ലബായി ഇത് മാറി. നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിലൂടെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിനുള്ള ഒട്ടേറെ ചര്‍ച്ചകള്‍ വി.പി. മേനോനും സര്‍ദാര്‍ വല്ലഭായി പട്ടേലും മറ്റു പ്രമുഖ ദേശിയ നേതാക്കളും നടത്തിയത് കേരള ക്ലബില്‍ വച്ചാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന 1947ല്‍ കേരള ക്ലബിന്‍റെ സെക്രട്ടറി കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നു എന്നറിഞ്ഞ കേരള ക്ലബ് സെക്രട്ടറി ദേശീയ പതാകയുമായി കേരള ക്ലബില്‍ മലയാളികളെ സംഘടിപ്പിച്ച് ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് ഒരു ജാഥ നയിച്ചു. 1947 ആഗസ്റ്റ് 14ന് കേരള ക്ലബില്‍നിന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട ആ ജാഥ രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ ആഘോഷ ജാഥയായി ചരിത്രത്തിൽ ഇടം പിടിച്ചു. 1952ൽ രാജ്യം രണ്ടാമത്തെ റിപ്പബ്ലിക് ദിന പരേഡ് വിപുലമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് ഫ്ലോട്ടുകള്‍ തയാറാക്കി റിപ്പബ്ലിക്ക് ദിന പരേഡിന്‍റെ ഭാഗമായത് ‘കേരള ക്ലബാ’യിരുന്നു.
ആദ്യകാലത്ത് ഡല്‍ഹിയിലെ പ്രമുഖരുടെ മാത്രം കേന്ദ്രമായ കേരള ക്ലബ് നഗരത്തിലെ മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പിന്നീട് ജനകീയമായി മാറി. കേരള ക്ലബിന്‍റെ ഭാരവാഹികള്‍ ഒത്തുചേർന്ന് ഇന്ത്യാ ഗേറ്റിനടുത്തുള്ള കാനിങ് റോഡിൽ മലയാളികൾക്കായി സ്കൂൾ സ്ഥാപിക്കാൻ നടത്തിയ പ്രയത്നത്തിന്‍റെ ഫലമാണ് ഭാഷാ ന്യൂനപക്ഷങ്ങളെന്ന നിലക്ക് ഡല്‍ഹി മലയാളികള്‍ക്കായി മലയാളം പഠിപ്പിക്കുന്ന നാല് കേരള സ്കൂളുകള്‍ ഡല്‍ഹിയില്‍ ഇന്നും തലയുയർത്തി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

