റോഡ് മുറിച്ചുകടക്കുന്നതിനിടെ ആഡംബര കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം; സിഡ്നിയിൽ ഇന്ത്യക്കാരിയായ ഗർഭിണിക്ക് ദാരുണാന്ത്യം
text_fieldsഅറസ്റ്റിലായ ആരോണും മരണപ്പെട്ട സമന്‍വിതയും
ആസ്ട്രേലിയയിൽ ഭര്‍ത്താവിനും മകനുമൊപ്പം നടന്നു നീങ്ങുന്നതിനിടെ കർണാടക യുവതി ആഡംബര കാര്‍ ഇടിച്ച് മരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമന്‍വിത ധരേശ്വർ (33) ആണ് മരിച്ചത്. സിഡ്നിയില്‍ സമന്‍വിതയും കുടുംബവും റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഹോൺസ്‌ബിയിലെ റോഡ് മുറിച്ചു കടക്കുന്നതിനായി ഇവർക്ക് ഒരു കാർ നിർത്തി കൊടുത്തിരുന്നു. എന്നാൽ, ഇത് ശ്രദ്ധിക്കാതെ അമിത വേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാർ നിർത്തിക്കൊടുത്ത കിയ കാറിനെ ഇടിക്കുകയും അത് മുന്നോട്ട് നീങ്ങി സമന്‍വിതയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ സമൻവിതയെ ഉടൻ വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തില്‍ കാറോടിച്ച 19 കാരൻ ആരോൺ പസോഗ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോണിന് താൽകാലിക ലൈസൻസാണ് കൈവശമുണ്ടായിരുന്നത്. ഇയാൾക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, കൊലക്കുറ്റം, ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കർണാടകയിൽ നിന്നുള്ള സമന്‍വിത സിഡ്നിയിലെ ഐ.ടി പ്രൊഫഷനലായി ജോലി ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. ഈയിടെ ഇവർ സ്വന്തം വീട് വെക്കാനായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇരുനില വീട് പണിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

