നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെ.എൻ. ബാലഗോപാൽ
text_fieldsന്യൂഡൽഹി: കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നടപടികളിൽ അനുഭാവപൂർണമായ സമീപനം ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന വിഹിതം വെട്ടിക്കുറച്ചതും വായ്പാ പരിധി കൊണ്ടുവന്നതും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കുന്നതും സംസ്ഥാനത്തിന് വെല്ലുവിളിയാണെന്ന് ധനമന്ത്രി നിവേദനത്തിൽ പറഞ്ഞു.
ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് പരിധിയിൽനിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപയും മുൻവർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോൾ കുറവുചെയ്ത 1877 കോടി രൂപയും പുനഃസ്ഥാപിക്കണം. ദേശീയപാത നിർമാണത്തിൽ 25 ശതമാനം സംസ്ഥാന വിഹിതം കേരളം നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് കടമെടുത്തായിരുന്നു സർക്കാർ ഇതിനുള്ള തുക ചെലവിട്ടത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് കുറവ് വരുത്തിയ നടപടി പുനഃപരിശോധിക്കണം. ഈ തുക അധിക മൂലധന ചെലവായി കണക്കാക്കണമെന്നും പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിൽ കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
ഐ.ജി.എസ്.ടി ബാലൻസിൽ ഉണ്ടായ കുറവ് നികത്തുന്നതിനായി മുൻകൂട്ടി അനുവദിച്ച തുകയുടെ ക്രമീകരണമായി 965.16 കോടി രൂപ കേന്ദ്രം കുറവുവരുത്തിയിരുന്നു. ഇതു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ 6000 കോടി രൂപ അധികം കടമെടുക്കാൻ അനുവദിക്കണമെന്നും ധനമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തനത് വരുമാനം വർധിപ്പിക്കാൻ സംസ്ഥാനം സമഗ്രമായ ശ്രമങ്ങൾ നടത്തിവരികയാണ്. കടം-ജി.എസ്.ഡി.പി അനുപാതം 34.13 ശതമാനമായി കുറഞ്ഞുവെന്നും ധനക്കമ്മി, റവന്യൂ കമ്മി എന്നിവ നിയന്ത്രണത്തിലാണെന്നും മന്ത്രി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.