കൊൽക്കത്ത ബലാത്സംഗക്കൊല: രണ്ടു മണിക്കൂർ ഇടവിട്ട് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രണ്ടുമണിക്കൂർ ഇടവിട്ട് ക്രമസമാധാന റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർദേശം.
ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലേക്ക് സംസ്ഥാന പൊലീസ് സേനകൾ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന റിപ്പോർട്ട് അയക്കണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങൾക്കും സമാന നിർദേശമുണ്ട്. റിപ്പോർട്ട് കൈമാറാനായി ഫാക്സ്, വാട്സ്ആപ് നമ്പറുകളും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ശനിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ പണിമുടക്കിയിരുന്നു. സംഭവം നടന്ന ആർ.ജി.കർ ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവുമുണ്ടായി. ഡൽഹിയിലെ ജന്തർമന്തറിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയും ഡോക്ടർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.