Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തന്‍റെ കുടുംബത്തെ ഇല്ലാതാക്കാൻ 600 കോടിയുടെ ക്വട്ടേഷൻ നൽകിയത് ഡി.കെ ശിവകുമാർ'; ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി

text_fields
bookmark_border
തന്‍റെ കുടുംബത്തെ ഇല്ലാതാക്കാൻ 600 കോടിയുടെ ക്വട്ടേഷൻ നൽകിയത് ഡി.കെ ശിവകുമാർ; ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി
cancel

ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്കുലർ) സ്ഥാപകനുമായ എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തെ ഇല്ലാതാക്കാൻ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണെന്ന ആരോപണവുമായി ദേവഗൗഡയുടെ മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. വിവാദമായ കേസിലെ അന്വേഷണം സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകണമെന്നും അഞ്ച് ദിവസത്തിനകം അന്വേഷണത്തിൽ പുരോഗതി വിലയിരുത്തണമെന്നും അദ്ദേഹം കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു.

ഹാസൻ ജില്ലയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. തന്റെ കുടുംബത്തെ രാഷ്ട്രീയമായി തകർക്കാൻ മുഖ്യമന്ത്രി പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ടെന്നും അതിലൊന്നാണ് 600 കോടി രൂപയുടെ ഈ ക്വട്ടേഷൻ ഇടപാടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ശിവകുമാറിന് പങ്കുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷൻ വിവാദമാണ് പുതിയ രാഷ്ട്രീയ പോരിന് കാരണമായത്. സ്റ്റിങ് ഓപ്പറേഷനിലൂടെ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തേ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റിനെതിരെ സിദ്ധരാമയ്യ പൊലീസിൽ പരാതി നൽകുകയും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയും ചെയ്തു.

സിദ്ധരാമയ്യയുടെ മകനും മന്ത്രിയുമായ യതീന്ദ്ര സിദ്ധരാമയ്യ, സ്വന്തം പാർട്ടിയിലെ ചിലർക്കും കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിൽ ഒരു വനിതാ നേതാവും ഉൾപ്പെട്ടിരുന്നു. സ്റ്റിങ് ഓപ്പറേഷൻ നടത്തിയവരെ കണ്ടെത്തുന്നതിനു പകരം ജനതാദൾ (സെക്കുലർ) പ്രവർത്തകരെ അന്വേഷണസംഘം ലക്ഷ്യമിടുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. കേസിലെ യഥാർഥ കുറ്റക്കാരെ കണ്ടെത്തണമെന്നും നിരപരാധികളായ പാർട്ടി പ്രവർത്തകരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്നും കോലാറിന് സമീപം ഒരു ഡ്രൈവർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പുരോഗതി വിലയിരുത്താൻ സർക്കാറിന് അഞ്ച് ദിവസം സമയം നൽകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആവശ്യമെങ്കിൽ സിദ്ധരാമയ്യയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - HD Kumaraswamy Demands Fair Probe
Next Story