സോനം വാങ്ചുക്കിന്റെ സ്കൂൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ലഡാക് ഭരണകൂടം
text_fieldsസോനം വാങ്ചുക്
ലഡാക്ക്: പ്രശസ്ത കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക് സ്ഥാപിച്ച ഡെസേർട്ട് ഫ്ലവർ സ്കൂളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ലഡാക്ക് ഭരണകൂടം നോട്ടീസ് നൽകി.
ലേയിലെ തഹസിൽദാർ ഓഫീസിൽ നിന്ന് നവംബർ 1നാണ് നോട്ടീസ് പുറത്തിറക്കിയത്. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് (HIAL) ന്റെ സഹസ്ഥാപകയും സിഇഒയുമായ ഗീതാഞ്ജലി ജെ അംഗ്മോക്കാണ് നോട്ടീസ് ലഭിച്ചത്. ഗീതാഞ്ജലി സോനം വാങ്ചുക്കിന്റെ ഭാര്യയാണ്.
ഫ്യാങ്ങിലുള്ള ഡെസേർട്ട് ഫ്ലവർ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തണമെന്നാണ് നിർദേശം. ജമ്മു കശ്മീർ - ലഡാക്ക് ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ അന്തിമ വിധി വരുന്നത് വരെ സ്ഥിതി അതേപടി നിലനിർത്താനാണ് ഈ നടപടി എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.
HIALന് അനുവദിച്ചിരുന്ന 1076 കനാൽ (134.5 ഏക്കർ) ഒരു മർല ഭൂമി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസാണ് ഹൈകോടതിയിൽ നടക്കുന്നത്. ഈ ഭൂമി റദ്ദാക്കിയ ഭരണകൂട നടപടിയെ ചോദ്യം ചെയ്താണ് HIAL കോടതിയെ സമീപിച്ചത്. ഈ കേസിൽ തീർപ്പുണ്ടാകുന്നതുവരെ സ്കൂളിൽ ഒരു പ്രവർത്തനവും പാടില്ലെന്നാണ് ഇപ്പോഴത്തെ നോട്ടീസിൽ പറയുന്നത്.
ലഡാക്കിന്റെ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി വർഷങ്ങളായി ശബ്ദമുയർത്തുന്ന വ്യക്തിയാണ് സോനം വാങ്ചുക്ക്. ബോളിവുഡ് ചിത്രം '3 ഇഡിയറ്റ്സ്' ലെ ഫുൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് വാങ്ചുക്കിന്റെ ജീവിതമാണ്. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവിയും ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരങ്ങളുടെ മുൻനിരയിലും വാങ്ചുക്ക് ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ നേരത്തെ തന്നെ അദ്ദേഹത്തിനെതിരെ ഭരണകൂടം നടപടികൾ എടുത്തിരുന്നു.
സ്കൂൾ അടച്ചുപൂട്ടാനുള്ള നോട്ടീസ് വന്നത് വാങ്ചുക്കിനെതിരായ തുടർ നടപടികളുടെ ഭാഗമാണെന്നാണ് വിമർശകർ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തെ പോലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ലക്ഷ്യമിടുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സ്ഥിതിഗതികൾ മാറ്റാൻ പാടില്ലെന്ന നിയമപരമായ നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കേസിൽ ഹൈകോടതിയുടെ അന്തിമ വിധി വരുന്നതുവരെ സ്കൂളിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരും.

