മംഗളൂരു–ലക്ഷദ്വീപ് യാത്രാക്കപ്പൽ സർവിസ് പുനരാരംഭിച്ചു
text_fieldsലക്ഷദ്വീപിൽനിന്ന് മംഗളൂരു തുറമുഖത്തെത്തിയ അതിവേഗ യാത്രാക്കപ്പൽ
മംഗളൂരു: കോവിഡ് കാലത്ത് നിർത്തലാക്കിയ ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്കപ്പൽ സർവിസ് പുനരാരംഭിച്ചു. അതിവേഗ കപ്പലായ ‘എം.എസ്.വി പരളി’ 160 യാത്രക്കാരുമായി പഴയ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. സഞ്ചാര സമയം നേരത്തെയുള്ള 13 മണിക്കൂറിൽ നിന്ന് ഏഴായി കുറയുമെന്ന് അധികൃതർ പറഞ്ഞു.
ലക്ഷദ്വീപിലെ കടമത്ത്, കിൽത്താൻ ദ്വീപുകളെ കർണാടകയുടെ തുറമുഖ നഗരവുമായി ബന്ധിപ്പിച്ചാണ് കപ്പൽ സർവിസ്. പൈലറ്റ്, ചീഫ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ, എട്ട് ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പൽ ജീവനക്കാരായുള്ളത്. 650 രൂപയാണ് ടിക്കറ്റ് നിരക്ക്. ശനിയാഴ്ച മംഗളൂരുവിൽ നിന്ന് കിൽത്താനിലേക്ക് കപ്പൽ മടക്ക സർവിസ് നടത്തും.
മംഗളൂരുവിലെ ആരോഗ്യ പരിപാലന സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കപ്പൽ സർവിസ് ആരംഭിച്ചതോടെ കഴിയുമെന്ന് ഇവിടെ ചികിത്സക്കായി വന്ന നസീബ് ഖാൻ പറഞ്ഞു. ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികൾ പ്രധാനമായും കൊച്ചിയിൽനിന്നാണ് കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യുന്നത്. എന്നാൽ, ലക്ഷദ്വീപിന് മംഗളൂരുവുമായാണ് കടലടുപ്പം. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ദൂരം 391 കിലോമീറ്റർ ആണെങ്കിൽ മംഗളൂരുവിൽനിന്ന് 356 കിലോമീറ്ററാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.