കന്യാസ്ത്രീകളെ സന്ദർശിക്കാൻ ജയിലിലെത്തിയ ഇടതുനേതാക്കളെ തടഞ്ഞു; സന്ദർശന സമയം കഴിഞ്ഞെന്ന്
text_fieldsറായ്പൂർ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലായ മലയാളി കന്യാസ്ത്രീകളെ സന്ദർശിക്കാനെത്തിയ ഇടതുനേതാക്കളെ തടഞ്ഞു. സന്ദർശന സമയം കഴിഞ്ഞെന്ന് പറഞ്ഞാണ് ദുർഗ് ജയിലിൽ നേതാക്കളെ തടഞ്ഞത്. ഇതേതുടർന്ന് ഇടതുനേതാക്കളും പൊലീസും തമ്മിൽ തർക്കമുണ്ടായത്.
ബൃന്ദ കാരാട്ട്, ആനി രാജ, എ.എ. റഹീം, പി.പി. സുനീർ തുടങ്ങിയവരാണ് കന്യാസ്ത്രീകളെ സന്ദർശിക്കാനെത്തിയത്. രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് സന്ദർശന സമയമെന്നും ഇതിനുശേഷം അനുമതി നൽകില്ലെന്നുമാണ് ജയിൽ അധികൃതർ പറഞ്ഞത്.
എന്നാൽ, പ്രതിനിധി സംഘം എത്തുമെന്ന് ചൂണ്ടിക്കാട്ടി ഇ-മെയിൽ അയച്ചിരുന്നെന്ന് പറഞ്ഞെങ്കിലും ഇത്തരമൊരു ഇ-മെയിൽ ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഇതോടെ നേതാക്കൾ ജയിലിന് പുറത്ത് പ്രതിഷേധിച്ചു.
അതേസമയം, കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളി. അപേക്ഷ കോടതി മാറി സമർപ്പിച്ചതിനെ തുടർന്നാണ് ദുർഗിലെ മജിസ്ത്രേട്ട് കോടതി നടപടി. കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തും മതപരിവർത്തനവും അടക്കമുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചുമത്തിയതിനാൽ സെഷൻസ് കോടതിയിലായിരുന്നു ജാമ്യ ഹരജി നൽകേണ്ടിയിരുന്നത്. അതിനാൽ സാങ്കേതിക പിഴവ് തിരുത്തി ഇന്ന് സെഷൻസ് കോടതിയിൽ ഹരജി സമർപ്പിക്കുമെന്ന് സി.ബി.സി.ഐ അറിയിച്ചു. ജാമ്യാപേക്ഷ വരുമ്പോൾ സർക്കാർ കോടതിയിൽ എതിർക്കുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ബി.ജെ.പി തയാറായില്ല.
സീറോ മലബാർ സഭയുടെ ചേർത്തല ആസ്ഥാനമായ ‘അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ്’ സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെ നാല് പെൺകുട്ടികൾക്കൊപ്പം പിടികൂടി മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ മോചനത്തിനെന്ന് പറഞ്ഞ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് അനൂപ് ആന്റണി ഛത്തീസ്ഗഢിലെത്തി വാർത്താസമ്മേളനം നടത്തിയെങ്കിലും കേസിന്റെ മെറിറ്റിലും ജാമ്യാപേക്ഷയിലും കൃത്യമായ നിലപാട് എടുത്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.