ഡോക്ടർമാരുടെ കുറിപ്പടികൾ വായിക്കാവുന്ന തരത്തിലായിരിക്കണം, അത് രോഗികളുടെ മൗലികാവകാശമാണ്; ഹരിയാന-പഞ്ചാബ് ഹൈക്കോടതി
text_fieldsഛണ്ഡീഗഢ്: മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കി എഴുതി നൽകുക എന്നത് ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മെഡിക്കൽ റിപ്പോർട്ട് വായിച്ചെടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തമായ മെഡിക്കൽ കുറിപ്പടിയും രോഗനിർണയവും ഓരോ പൗരന്‍റെയും അകാവകാശമാണ്, കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശവുമാണ്. അതിനാൽ ഡോക്ടർമാർ മെഡിക്കൽ കുറിപ്പടികൾ നൽകുമ്പോൾ വായിക്കാവുന്ന തരത്തിൽ നൽകണം.
തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ജുസ്ഗുർപ്രീത് സിംഗ് പുരി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മെഡിക്കൽ റിപ്പോർട്ടിന്‍റെ അവ്യക്തതയെ കുറിച്ചുള്ള കോടതിയുടെ നിരീക്ഷണമാണ് കേസ് മാറ്റിമറിച്ചത്.
വ്യക്തവും ഡിജിറ്റൽ അല്ലെങ്കിൽ ടൈപ്പ് ചെയ്തതുമായ മെഡിക്കൽ കുറിപ്പടി പ്രധാനവും അനിവാര്യവുമായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് സാങ്കേതിക പുരോഗതിയുടെ ഇന്നത്തെ കാലഘട്ടത്തിൽ. മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മെഡിക്കൽ കുറിപ്പടികളിൽ വ്യക്തമായ കൈയക്ഷരത്തിന്‍റെ പ്രാധാന്യം ഉൾപ്പെടുത്തണമെന്ന് കോടതി ദേശീയ മെഡിക്കൽ കമ്മീഷനോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ അല്ലെങ്കിൽ ടൈപ്പ് ചെയ്ത കുറിപ്പടികൾ വരുന്നതുവരെ ഡോക്ടർമാർ വലിയ അക്ഷരത്തിൽ എഴുതണമെന്നും കോടതി നിർദേശിച്ചു.
ഒരു ഡോക്ടർ നൽകുന്ന മെഡിക്കൽ കുറിപ്പടിയെക്കുറിച്ച് അറിവുണ്ടായിരിക്കാൻ രോഗിക്കും രോഗിയുടെ കൂടെയുള്ളവർക്കും അവകാശമുണ്ട്. അവ്യക്തമായ കുറിപ്പുകൾ ആശയക്കുഴപ്പത്തിലേക്ക് നയിക്കും. ഒഡീഷ, ഉത്തരാഖണ്ഡ് ഹൈക്കോടതിയും നേരത്തേ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.