കോടതി കയറുംമുമ്പ് മധ്യസ്ഥത നിർബന്ധമാക്കാൻ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോടതി കയറുന്നതിനുമുമ്പ് തർക്കപരിഹാരത്തിന് മധ്യസ്ഥശ്രമം നിർബന്ധമാക്കി നിയമനിർമാണത്തിന് കേന്ദ്രസർക്കാർ. സിവിൽ സ്വഭാവമുള്ള പ്രാദേശിക, കുടുംബ, വ്യാപാര തർക്കങ്ങളുടെ കാര്യത്തിൽ ആദ്യം മധ്യസ്ഥനെ നിയോഗിച്ച് പരിഹാരത്തിന് ശ്രമിക്കണം.
ആ ശ്രമം പരാജയപ്പെട്ടാൽ മാത്രം കോടതി. മധ്യസ്ഥത കരാറിന് നിയമ പരിരക്ഷയും ലഭിക്കും. തർക്കപരിഹാരത്തിന് ബദൽ സംവിധാനം ശക്തിപ്പെടുത്തി കോടതികളുടെ ഭാരം ലഘൂകരിക്കുക, അനാവശ്യ നിയമ നൂലാമാലകൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള കരട് മധ്യസ്ഥത ബിൽ ജനാഭിപ്രായം തേടി കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി.അന്താരാഷ്ട്ര തലത്തിൽ മധ്യസ്ഥതക്ക് കൂടുതൽ അവസരം നൽകുന്ന കീഴ്വഴക്കം ഇന്ത്യയിൽ പ്രാവർത്തികമാക്കാനാണ് ബിൽ.
മധ്യസ്ഥത നടപടികളുടെ മേൽനോട്ടത്തിനായി സുപ്രീംകോടതിയിൽനിന്നോ ഹൈകോടതികളിൽനിന്നോ വിരമിച്ച ജഡ്ജി അധ്യക്ഷനായി ദേശീയ മധ്യസ്ഥത കൗൺസിൽ രൂപവത്കരിക്കാൻ കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. മധ്യസ്ഥരുടെയും മധ്യസ്ഥ സ്ഥാപനങ്ങളുടെയും മറ്റു സേവന ദാതാക്കളുടെയും യോഗ്യത പരിശോധനയും അംഗീകാരവും കൗൺസിൽ നടത്തും. അങ്ങനെ അംഗീകാരം നേടിയ മധ്യസ്ഥരെ സമീപിച്ച്, കോടതി വ്യവഹാരത്തിലേക്ക് കടക്കുന്നതിനു മുമ്പ് തർക്കം തീർക്കാനും ഒത്തുതീർപ്പ് കരാറിനും ശ്രമിക്കണം.
അതേസമയം, അടിയന്തരമായ ആവശ്യങ്ങളുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കാം. അംഗീകൃത മധ്യസ്ഥൻ മുഖേനയുണ്ടാക്കുന്ന കരാർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിയമപരിരക്ഷയായി. ഉഭയകക്ഷി സമ്മതപ്രകാരമാണ് കരാർ ഉണ്ടാക്കിയതെന്നിരിക്കേ, അതിനെതിരായ അപ്പീൽ സാധ്യത പരിമിത സാഹചര്യങ്ങളിൽ മാത്രം.
സമാധാനവും സാഹോദര്യവും സഹിഷ്ണുതയും അലങ്കോലപ്പെടുത്തുന്ന പ്രാദേശികമായ തർക്കങ്ങൾ, കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങൾ, വാണിജ്യ സംബന്ധമായ തർക്കങ്ങൾ എന്നിവയിലെല്ലാം ആദ്യം അംഗീകൃത മധ്യസ്ഥനെ സമീപിക്കണം. സാമൂഹികവും സാമുദായികവുമായ തർക്കങ്ങൾക്കും ഈ വഴി സ്വീകരിക്കാമെന്നാണ് ബില്ലിലെ സൂചന.
അപേക്ഷ നൽകിയാൽ ഏഴുദിവസത്തിനകം സ്വീകാര്യനായ മധ്യസ്ഥനെ ലഭ്യമാക്കണം. മധ്യസ്ഥ ചർച്ചയിൽ 90 ദിവസത്തിനകം തീരുമാനം വേണം. എന്നു കരുതി, തീരുമാനം അടിച്ചേൽപിക്കാൻ മധ്യസ്ഥന് അധികാരമില്ല. തർക്കപരിഹാര കരാർ സംസ്ഥാന/ജില്ല/താലൂക്ക് ലീഗൽ അതോറിറ്റിക്ക് മുമ്പാകെ 90 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. അേപ്പാഴാണ് അത് ആധികാരികരേഖയായി മാറുക. സാമൂഹികമായ വിഷയങ്ങളിൽ മധ്യസ്ഥ സമിതിയെ കലക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന കീഴുദ്യോഗസ്ഥരോ ആണ് നിശ്ചയിക്കേണ്ടത്്. മധ്യസ്ഥ ചർച്ചക്കുവേണ്ടിയുള്ള ചെലവുകൾ രണ്ടു കക്ഷികളും തുല്യമായി പങ്കിടണം. ചർച്ചയിലെ വിവരങ്ങൾ കോടതിക്ക് നൽകുകയോ പരസ്യമാക്കുകയോ ചെയ്യേണ്ടതില്ല. രഹസ്യസ്വഭാവമുള്ള ചർച്ചകളും രേഖകളുമൊക്കെ രഹസ്യമായിത്തന്നെ സൂക്ഷിക്കണം. മധ്യസ്ഥത നേർക്കുനേർ വേണമെന്നില്ല. ഓൺലൈനിലുമാകാം. വിദേശിക്കും ഇന്ത്യയിൽ മധ്യസ്ഥനാകാൻ യോഗ്യത നേടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.