ആധാർ -വോട്ടർ കാർഡ് ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിട്ടില്ല - കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിട്ടില്ലെന്ന് സർക്കാർ. നിയമത്തിൽ നിർദേശിച്ചപോലെ, വോട്ടർമാർക്ക് സ്വമേധയാ ആധാർ വിവരങ്ങൾ പങ്കിടാം. അതിന് തടസ്സമില്ല. ഇതുമായി ബന്ധപ്പെട്ട് നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ മാറ്റം വരുത്താൻ സർക്കാറിന് പദ്ധതിയില്ല. വോട്ടർ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കാൻ നിർദേശമുണ്ടോ എന്നും വിശദാംശങ്ങൾ പങ്കിടാത്ത വോട്ടർമാർ അതിന്റെ കാരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിക്കേണ്ടതുണ്ടോ എന്നും ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ ജനപ്രാതിനിധ്യ നിയമത്തിൽ 2021ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ആധാർ വിവരങ്ങൾ സ്വമേധയാ കൈമാറാൻ തയാറായ വോട്ടർമാരിൽനിന്ന് അതു ശേഖരിച്ചിരുന്നു. അങ്ങനെയുള്ള വോട്ടർമാരുടെ ആധാറും തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് തുടരുമെന്നാണ് സർക്കാർ വീണ്ടും വ്യക്തമാക്കുന്നത്. വോട്ടർകാർഡ്-ആധാർ ബന്ധിപ്പിക്കൽ ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെന്നും തുടർന്നും അതിന് നീക്കമില്ലെന്നുമാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ രണ്ട് ഡേറ്റ ബേസുകളും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമം നടന്നിരുന്നു.
അതേസമയം, നടപടികൾ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ യോഗം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ, തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബിർ സിങ് സന്ധു, വിവേക് ജോഷി തുടങ്ങിയവർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റിവ് വകുപ്പ് സെക്രട്ടറി തുടങ്ങിയവരുമായി ചർച്ച നടത്തിയായിരുന്നു അന്ന് തീരുമാനം പ്രഖ്യാപിച്ചത്. ആധാറും വോട്ടർകാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഭരണഘടനയുടെ 326ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് നടത്തേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അന്ന് ചൂണ്ടിക്കാട്ടിയതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.