ലോക്ഡൗൺ ഇളവ്: തമിഴ്നാട്ടിൽ വ്യാഴാഴ്ച്ച മുതൽ മദ്യശാലകൾ തുറക്കും
text_fieldsചെന്നൈ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്നാം ഘട്ടത്തിലെ ഇളവുകൾ തമിഴ്നാട്ടിലും നടപ്പാക്കാനൊരുങ്ങി സർക്കാർ. വ്യഴാഴ്ച മുതൽ തമിഴ്നാട്ടിൽ മദ്യ വിൽപ്പനശാലകൾ തുറക്കാൻ സർക്കാർ ഉത്തരവിട്ടു. മാർച്ച് 24 മുതൽ സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ അടഞ്ഞുകിടക്കുകയാണ്.
കണ്ടെയ്ൻമെൻറ് സോണുകളിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം മദ്യ ഷാപ്പുകൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. റെഡ്സോണിലും തുറന്നേക്കുമെന്നാണ് റിപ്പോർട്ട്.
ലോക്ഡൗൺ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടർന്ന് ഏതാനും സംസ്ഥാനങ്ങളിൽ മദ്യവിൽപന ശാലകൾ ഇന്ന് തുറന്നിരുന്നു. ഡൽഹി, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണ്ണാടക, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്.
മിക്കയിടങ്ങളിലും മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഡൽഹിയിൽ പൊലീസ് ലാത്തിവീശേണ്ടി വരികയും ചെയ്തു. ബംഗാളിൽ ഗ്രീൻ സോണിൽ മാത്രമാണ് വിൽപനക്ക് അനുമതിയെന്ന് അധികൃതർ അറിയിച്ചു. റെഡ് സോണിലായ തലസ്ഥാനം കൊൽക്കത്തയിലടക്കം മദ്യവിൽപനശാലകൾ തുറന്നിട്ടില്ല. ബംഗാളിൽ മദ്യത്തിന് 30 ശതമാനത്തോളം നികുതി ഉയർത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.