കല്ലേറിന് പിന്നാലെ സംഘർഷം; മദ്ദൂരിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസ്
text_fieldsബെംഗളൂരു: വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, കർണാടകത്തിലെ മദ്ദൂരിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസ്. ഞായറാഴ്ച വൈകീട്ട് മദ്ദൂർ നഗരത്തിലെ റാം റഹിം നഗറിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്ന് മാണ്ഡ്യ പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
പ്രകോപിതരായ ജനക്കൂട്ടം ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമഴിച്ചുവിട്ടു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ഞായറാഴ്ച വൈകീട്ട് എട്ടോടെയായിരുന്നു സംഭവം. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പോലീസ് ഗണേശ നിമജ്ജനം നടത്തിയത്.
ഇതിനിടെ ഒരുവിഭാഗം ആളുകൾ സമീപത്തെ ആരാധനാലയത്തിന് മുന്നിൽ പ്രതിഷേധത്തിന് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തുടർന്ന് എസ്.പി മല്ലികാർജുൻ ബാലദന്ദി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. സമാധാനാന്തരീക്ഷം തകർക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. സാധാരണ നില പുനഃസ്ഥാപിക്കുന്നതിന് നിയമപാലകരുമായി സഹകരിക്കണമെന്ന് ജില്ല ഭരണകൂടം ഇരു സമുദായങ്ങളോടും അഭ്യർത്ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.