സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് കത്തോലിക്ക സഭ
text_fieldsന്യൂഡൽഹി: കൃസ്ത്യൻ സമൂഹത്തിന് സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് കത്തോലിക്ക സഭ. മധ്യ പ്രദേശിലെ സട്നയിൽ 30 ഒാളം വൈദികർക്കും പുരോഹിത വിദ്യാർത്ഥികൾക്കും നേരെ നടന്ന ആക്രമത്തിൽ കുറ്റവാളികളെ കണ്ടെത്താൻ പോലും ശ്രമിക്കാതെ ആക്രമിക്കപ്പെട്ട വൈദികരെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ സഭക്കും കൃസ്ത്യൻ സമൂഹത്തിനും കേന്ദ്ര സർക്കാരിലുള്ള വിശ്വാസം പൂർണമായും നഷ്ടമായെന്ന് കാതലിക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യയുടെ പ്രസിഡൻറ് കർദിനാൾ ബസേലിയസ് ക്ലീമിസ് പറഞ്ഞു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സട്നക്കടുത്തുള്ള ഗ്രാമത്തിൽ ക്രിസ്മസ് കരോൾ സംഘമായി ചെന്ന വൈദികരെയും പുരോഹിത വിദ്യാർത്ഥികളെയും ബജ്റംഗ് ദൾ പ്രവർത്തകരുടെ പരാതിപ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗ്രാമത്തിലുള്ളവരെ മതം മാറ്റുന്നുവെന്നായിരുന്നു പരാതി. ഒരു വൈദികനെ മതം മാറ്റ വിരുദ്ധ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഇത്തരം സംഭവങ്ങൾ സ്വാഭാവികമായിരിക്കാം. വൈദികർക്ക് നേരെയുള്ള ആക്രമം ഉദ്ധരിച്ച് കർദിനാൾ പറഞ്ഞു. പക്ഷെ സർകാറിെൻറ ഭാഗത്ത് നിന്നുള്ള നടപടിയാണ് ഞങ്ങളെ ഞെട്ടിച്ചത്. നിയമപരമായ സുരക്ഷയും നീതിപൂർവ്വമായ നടപടിയുമാണ് ഞങ്ങളുടെ ആവശ്യമെന്നും കർദിനാൾ ബസേലിയസ് ക്ലീമിസ് കൂട്ടിച്ചേർത്തു.
രാജ്യം മതത്തിെൻറയും ജാതിയുടെയും പേരിൽ വേർതിരിക്കപ്പെട്ടിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിന് ഇത് ഭൂഷണമല്ല. മതേതര ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് പോരാടണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.
സട്നയിൽ നടന്ന ആക്രമത്തിെൻറ പിന്നിലുള്ള കാരണങ്ങൾ എന്താണെന്നറിയില്ല. വ്യക്തമായ തെളിവ് ലഭ്യമായിട്ടില്ല. മുൻ കൂട്ടി തീരുമാനിച്ചുള്ള ആക്രമമാണ് അവിടെ നടന്നത്. മതം മാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അർത്ഥമില്ലെന്നും കർദിനാൾ പറഞ്ഞു.
കർദിനാളിെൻറ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കണ്ട് വേദന പങ്ക് വെക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും രാജ്യസഭാ വൈസ് ചെയർമാൻ പി.ജെ കുര്യനും യോഗത്തിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.