മോദിക്ക് കീഴിൽ ജീവിത നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുന്നു; സി-വോട്ടർ സർവേ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന് കീഴിൽ രാജ്യത്ത് ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുന്നതായി സർവേ റിപ്പോർട്ട്. മെച്ചപ്പെടാത്ത വേതനവും ഉയർന്ന ജീവിത ചെലവുകളും അടുത്ത വർഷങ്ങളിൽ ജീവിതം മെച്ചപ്പെടുമെന്ന ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നതായാണ് വിലയിരുത്തൽ. വാർഷിക ബജറ്റിന് മുന്നോടിയായി സി-വോട്ടർ പോളിങ് ഏജൻസി നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
സർവേയിൽ പങ്കെടുത്ത 37 ശതമാനം ജനങ്ങളും അടുത്തവർഷം സാധാരണക്കാരുടെ ജീവിതനിലവാരം കൂടുതൽ മോശമാകുമെന്നാണ് പ്രതികരിച്ചത്. 2013നു ശേഷം ആദ്യമായാണ് ഇത്രയുമധികം ആളുകൾ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 5269 മുതിർന്ന ആളുകൾക്കിടയിലാണ് സർവേ നടത്തിയത്.
വിലക്കയറ്റം പ്രതിരോധിക്കാൻ കേന്ദ്രം വേണ്ട നടപടികളെടുത്തില്ലെന്നും മോദി പ്രധാനമന്ത്രിയായതിനു ശേഷം സാധനവില വളരെയധികം വർധിച്ചുവെന്നും സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ജനങ്ങളും അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം തങ്ങളുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചുവെന്ന് പകുതിയിലധികം ജനങ്ങൾ പറഞ്ഞു.
കഴിഞ്ഞവർഷത്തെ വരുമാനത്തിൽനിന്ന് ഈ വർഷവും മാറ്റമൊന്നുമുണ്ടായില്ലെന്നും ചെലവ് വളരെയധികം വർധിച്ചുവെന്നും പകുതിയോടടുത്ത് ജനങ്ങൾ അഭിപ്രായപ്പെട്ടതായും സർവേ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.