സുദർശൻ ചക്ര പ്രതിരോധ സംവിധാനം ഉടൻ, 10 വർഷത്തിനകം ഇന്ത്യാ നിർമ്മിത ജെറ്റ് എഞ്ചിനെന്ന് രാജ്നാഥ് സിംഗ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം ഉറപ്പാക്കുന്നതിൻറെ ഭാഗമായി ഭാവിയിൽ എല്ലാ യുദ്ധക്കപ്പലുകളും പൂർണമായി തദ്ദേശീയമായി ഉത്പാദിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
ഇന്ത്യയുടെ മിസൈൽ, വ്യോമ പ്രതിരോധ സംവിധാനമായ ‘സുദർശൻ ചക്ര’ ഉടൻ പ്രവർത്തന സജ്ജമാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. നോയിഡയിൽ സ്വകാര്യ എയറോ എഞ്ചിൻ ടെസ്റ്റ് സൗകര്യം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
അന്താരാഷ്ട്ര നയതന്ത്രത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരമായ താത്പര്യങ്ങൾ മാത്രമാണുള്ളത്. കച്ചവട താത്പര്യങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് നിലവിൽ യുദ്ധ സമാനമായ സാഹചര്യമാണ്. വികസിത രാജ്യങ്ങൾ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി രംഗത്തിറങ്ങുന്നു. ഈ സാഹചര്യത്തിൽ സ്വന്തം താത്പര്യം ബലികഴിക്കാതെ മുന്നോട്ടുപോകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല, അതേസമയം പൗരൻമാരുടെ സുരക്ഷയിലും ദേശീയ താത്പര്യത്തിലും വിട്ടുവീഴ്ചയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സ്വയം പര്യാപ്തതയെന്നത് ഒരു മികവിനപ്പുറം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ഇതര രാജ്യങ്ങളോടുള്ള ആശ്രിതത്വം ഒട്ടും ഗുണം ചെയ്യില്ലെന്ന് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.
തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ മികവ് ഓപറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടു.
രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 2014ൽ 700 കോടിയായിരുന്നത് ഇന്ന് 24,000 കോടിയായി. ഉപഭോക്തൃ രാജ്യം എന്ന നിലയിൽ നിന്നും മേഖലയിൽ ഉദ്പാദക രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.