കെ.എ സെങ്കോട്ടയ്യന്റെയും എ.വി. വേലുവിന്റെയും വിജയത്തിനെതിരായ ഹരജികൾ മദ്രാസ് ഹൈകോടതി തള്ളി
text_fieldsമദ്രാസ് ഹൈകോടതി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ നൽകിയ തെരഞ്ഞെടുപ്പ് ഹരജികൾ തള്ളി മദ്രാസ് ഹൈകോടതി. ഗോപിച്ചെട്ടിപ്പാളയം മണ്ഡലത്തിൽ നിന്നുള്ള മന്ത്രിയും ടി.വി.കെ നേതാവുമായ കെ.എ. സെങ്കോട്ടയ്യൻ, തിരുവണ്ണാമലയിൽ നിന്നുള്ള ഡി.എം.കെ നേതാവ് എ.വി. വേലു എന്നിവരുടെ വിജയത്തിനെതിരെ നൽകിയ ഹരജികളാണ് കോടതി നിരസിച്ചത്. ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ, ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ വെവ്വേറെ ബെഞ്ചുകളാണ് ഹരജികൾ തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
സെങ്കോട്ടയ്യന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തിയ നോട്ടറി പബ്ലിക്കിന് അന്ന് പ്രാക്ടീസ് ചെയ്യാനുള്ള പ്രാബല്യത്തിലുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി വി.ബി. പ്രഭുവാണ് ഹരജി നൽകിയത്. എന്നാൽ ഈ ആരോപണം ശരിയാണെന്ന് വാദത്തിന് സമ്മതിച്ചാൽ പോലും, ഈ സാങ്കേതിക പിഴവ് തെരഞ്ഞെടുപ്പ് ഫലത്തെ എത്തരത്തിലാണ് സാരമായി ബാധിച്ചതെന്ന് ഹരജിയിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ഇളന്തിരയ്യൻ ചൂണ്ടിക്കാട്ടി. വ്യക്തമായ വാദങ്ങളില്ലാത്ത സാങ്കേതിക ലംഘന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് അസാധുവാക്കാൻ കാരണമാകില്ലെന്ന് വ്യക്തമാക്കിയ കോടതി, വ്യക്തമായ കാരണങ്ങളില്ലെന്ന് കാണിച്ച് സിവിൽ പ്രൊസീജ്യർ കോഡ് ഓർഡർ VII റൂൾ 11 പ്രകാരം ഹരജി നിരസിക്കുകയായിരുന്നു.
തിരുവണ്ണാമലയിൽ 2,455 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച എ.വി. വേലുവിനെതിരെ ടി.വി.കെ സ്ഥാനാർത്ഥി അരുൾ അറുമുഖമാണ് ഹൈകോടതിയെ സമീപിച്ചത്. ഇ.വി.എം, വിവിപാറ്റ് മെഷീനുകളിൽ കൃത്രിമം നടന്നെന്നും പോസ്റ്റൽ ബാലറ്റുകളിലും വോട്ടെണ്ണലിലും ക്രമക്കേട് ഉണ്ടായെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ ഏത് മെഷീനുകളിലാണ് കൃത്രിമം നടന്നതെന്നോ, എന്നാണ് ഇടപെടൽ ഉണ്ടായതെന്നോ, ഏത് നിയമവ്യവസ്ഥയാണ് ലംഘിക്കപ്പെട്ടതെന്നോ ഉള്ള അടിസ്ഥാന വിവരങ്ങൾ പോലും ഹരജിയില്ലെന്ന് എ.വി. വേലുവിന്റെ അഭിഭാഷകൻ വാദിച്ചു. ഈ വാദം അംഗീകരിച്ച ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി വേലുവിന് അനുകൂലമായി വിധി പറയുകയും ഹരജി തള്ളുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

