ഡൽഹിയിലെ മദ്രാസി ക്യാമ്പ് ചേരി പൊളിച്ചുനീക്കുന്നു; കുടിയൊഴിപ്പിക്കുന്നത് മഴവെള്ളച്ചാൽ വൃത്തിയാക്കാൻ
text_fieldsഡൽഹിയിലെ ചേരിപ്രദേശമായ മദ്രാസി ക്യാമ്പ് ചേരി പൊളിക്കുമ്പോൾ കരയുന്ന അന്തേവാസികൾ
ന്യൂഡൽഹി: അർധസൈനിക വിഭാഗങ്ങളുടെയും ഡൽഹി പൊലീസിന്റെയും കനത്ത സുരക്ഷയിൽ തെക്കുകിഴക്കൻ ഡൽഹിയിലെ ചേരിപ്രദേശമായ മദ്രാസി ക്യാമ്പ് പൊളിച്ചുനീക്കാനാരംഭിച്ചു. ജങ്പുരയിൽ ബരാപുള്ള മഴവെള്ളച്ചാലിനോട് ചേർന്ന ജനസാന്ദ്രതയേറിയ ചേരിപ്രദേശം ഡൽഹി ഹൈകോടതിയുടെ ഇടപെടലിനെ തുടർന്നാണ് പൊളിച്ചുനീക്കുന്നത്.
നേരത്തെ, ഒഴുക്ക് തടസ്സപ്പെട്ട മഴവെള്ളച്ചാൽ വൃത്തിയാക്കാനായി പ്രദേശം ഒഴിപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. 2024ലെ മൺസൂൺ കാലത്ത് നിസാമുദ്ദീൻ ഈസ്റ്റിലെയും ജങ്പുരയിലെയും ചില ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഇടപെടൽ.
2024 സെപ്റ്റംബർ ഒന്നിനാണ് ചേരി പൊളിച്ചുനീക്കലിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ചേരിനിവാസികൾക്ക് പ്രധാനമന്ത്രിയുടെ ‘ജഹാൻ ജുഗ്ഗി വഹാ മകാൻ’ പദ്ധതിയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തായിരുന്നു നടപടി. 370 കുടിലുകളിൽ 215 കുടുംബങ്ങൾ പദ്ധതിയിൽ യോഗ്യരാണെന്ന് കണ്ടെത്തി 50 കിലോമീറ്റർ അകലെയുള്ള നരേലയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഭൂരിഭാഗം ആളുകൾക്കും വീട് കിട്ടാത്തതോടെ പ്രതിഷേധം കനക്കുകയായിരുന്നു. പിന്നീട് ഫ്ലാറ്റ് വിതരണം പൂർത്തിയായെങ്കിലും ഗുണനിലവാരമടക്കം വിഷയങ്ങളിൽ പരാതി ബാക്കിയായി.
ഡൽഹിയിലെ ചേരിപ്രദേശമായ മദ്രാസി ക്യാമ്പ് പൊളിച്ചുനീക്കുന്നു
ചേരി ഏകപക്ഷീയമായി ഒഴിപ്പിക്കുന്നതിന് പിന്നിൽ ബി.ജെ.പിയാണെന്ന് അന്ന് ഭരണകക്ഷിയായിരുന്ന ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരിനും മേഖല സാക്ഷ്യം വഹിച്ചു. പൊളിക്കൽ നടപടികൾ പുനരാരംഭിച്ചതോടെ പ്രദേശത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങി. 1968നും 1970നും ഇടയിലാണ് മദ്രാസി ക്യാമ്പ് സ്ഥാപിതമായത്.
മുഗൾ കാലഘട്ടത്തിൽ നിർമിക്കപ്പെട്ട, 400 വർഷത്തോളം പഴക്കമുള്ളതും 16 കിലോമീറ്റർ നീളമുള്ളതുമായ ബരാപുള്ള മഴവെള്ളച്ചാൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചേർന്നുകിടക്കുന്ന ചേരി ഒഴിപ്പിക്കുന്നത്. ഭാവിയിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കാനും അഴുക്കുചാലുകൾ പുനഃസ്ഥാപിക്കാനും ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ), ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ), ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എം.സി.ഡി), പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) എന്നിവർക്ക് കോടതി നിർദേശം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.