വിമാന ഇന്ധന നികുതി വെട്ടിക്കുറച്ച് മഹാരാഷ്ട്ര; ദേവേന്ദ്ര ഫഡ്‌നാവിസിന് നന്ദി അറിയിച്ച് സിവിൽ ഏവിയേഷൻ മന്ത്രി
text_fieldsകേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപ്പു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: രാജ്യത്ത് വിമാനയാത്രാ നിരക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസവുമായി മഹാരാഷ്ട്ര സർക്കാർ. വിമാന ഇന്ധനത്തിന്റെ (എ.ടി.എഫ് - ഏവിയേഷൻ ടർബൈൻ ഫ്യുവൽ) മൂല്യവർധിത നികുതി (VAT) 18 ശതമാനത്തിൽ നിന്നും 7 ശതമാനമായി കുറച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 2026 മേയ് 15 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഇളവ് 2026 നവംബർ 14 വരെ തുടരും.
നികുതിയിൽ വരുത്തിയ 11 ശതമാനത്തിന്റെ ഈ കുറവ് മഹാരാഷ്ട്രയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 35 മുതൽ 40 ശതമാനം വരെ വരുന്നത് ഇന്ധനച്ചെലവാണ്. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതും, വ്യോമപാതകളിലെ നിയന്ത്രണങ്ങളും, ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതും ഇന്ത്യൻ വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിർണ്ണായക തീരുമാനം.
ജെറ്റ് ഇന്ധനത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന നാല് സംസ്ഥാനങ്ങളായ ഡൽഹി, തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവരുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കഴിഞ്ഞ മാസം പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. നിലവിൽ തമിഴ്നാട് 29 ശതമാനവും ഡൽഹി 25 ശതമാനവുമാണ് എ.ടി.എഫിന് വാറ്റ് (VAT) ഈടാക്കുന്നത്.
'പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് വ്യോമപാതകൾ അടച്ചതും പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവും ഇന്ധനവില വർധനവും വ്യോമയാന മേഖലക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ സമയബന്ധിതമായി ഇടപെട്ട് നികുതി കുറച്ച മഹാരാഷ്ട്ര സർക്കാരിനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും നന്ദി അറിയിക്കുന്നു.' -രാം മോഹൻ നായിഡു കിഞ്ചരാപ്പു (കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി).
മഹാരാഷ്ട്രയിൽ നിലവിൽ 16 വിമാനത്താവളങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രതിവർഷം 7.5 കോടിയോളം യാത്രക്കാരാണ് ഈ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത്. ആഗോള പ്രതിസന്ധികൾ കാരണം വിമാനക്കമ്പനികൾക്ക് ചെലവ് വർധിക്കുമ്പോഴും, സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം ടിക്കറ്റ് നിരക്കുകൾ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്നും കേന്ദ്രമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

