ദീപാവലിക്ക് മുമ്പ് ജീവനക്കാർക്ക് ആശ്വാസം; ട്രാൻസ്പോർട്ട് ബസ് ജീവനക്കാർക്ക് 391 കോടി അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ദീപാവലിക്ക് മുന്നോടിയായി സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എം.എസ്.ആർ.ടി.സി) ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി 391.02 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സർക്കാർ ഈ തുക അംഗീകരിച്ചിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
സാധാരണയായി എല്ലാ മാസവും ഏഴിനും 10നും ഇടയിലാണ്, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർക്ക് ശമ്പളം ലഭിക്കാറുള്ളത്. എന്നാൽ, നവംബർ ആറിന് ദീപാവലി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ശമ്പള വിതരണം വേഗത്തിലാക്കാൻ ഗതാഗത മന്ത്രി പ്രതാപ് സർനായിക് കോർപറേഷനോട് നിർദേശിക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ജീവനക്കാരുടെ ദീപാവലി ആഘോഷങ്ങളെ ബാധിക്കരുതെന്നും സർക്കാരും കോർപറേഷൻ ഭരണകൂടവും യോജിച്ച് പ്രവർത്തിക്കണമെന്നും കോർപറേഷൻ ചെയർമാൻ കൂടിയായ പ്രതാപ് സർനായിക് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഗതാഗത കോർപറേഷനുകളിലൊന്നായ എം.എസ്.ആർ.ടി.സിക്ക് കീഴിൽ 15,000 ൽ അധികം ബസുകളുണ്ട്. പ്രതിദിനം 55 ലക്ഷത്തിൽ അധികം യാത്രക്കാരാണ് ഇതിൽ സഞ്ചരിക്കുന്നത്.
അതേസമയം, സർക്കാറിന്റെ പുതിയ തീരുമാനത്തിൽ ചില തൊഴിലാളി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മുഴുവൻ ശമ്പളവും നൽകാൻ ഈ തുക തികയില്ലെന്ന് മഹാരാഷ്ട്ര എസ്.ടി കർമചാരി കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീരംഗ് ബാർജെ പറഞ്ഞു.
മുഴുവൻ ശമ്പളവും നൽകാൻ കുറഞ്ഞത് 560 കോടി രൂപയെങ്കിലും ആവശ്യമാണ്. ഈ ചെറിയ തുക ഉപയോഗിച്ച് അക്കൗണ്ടിൽ എത്തേണ്ട നെറ്റ് ശമ്പളം മാത്രമേ നൽകാനാകൂ എന്നും പി.എഫ്, ഗ്രാറ്റ്വിറ്റി തുടങ്ങി നിയമപരമായ മറ്റു ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ഒരിക്കൽ കൂടി തങ്ങളെ നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.

