‘അർബൻ മാവോവാദി’കൾക്കെതിരെ നിയമവുമായി മഹാരാഷ്ട്ര
text_fieldsമുംബൈ: ‘അർബൻ നക്സലു’കളെ നിയന്ത്രിക്കാൻ ‘മഹാരാഷ്ട്ര പ്രത്യേക പൊതു സുരക്ഷ ബിൽ’ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ബില്ലിലെ ചില വകുപ്പുകളും വിവക്ഷകളും സംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങളുയർത്തിയെങ്കിലും ശബ്ദവോട്ടിലൂടെയാണ് ബില്ല് പാസാക്കിയത്. ഇനി നിയമസഭ കൗൺസിലിന്റെ അനുമതികൂടിവേണം. തീവ്ര ഇടത് സംഘടനകളുടെയും മറ്റ് സമാന സംഘടനകളുടെയും നിയമവിരുദ്ധ പ്രവൃത്തികൾ തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാഷ്ട്രീയക്കാർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ നിയമം ദുരുപയോഗം ചെയ്യില്ലെന്ന് ഫഡ്നാവിസ് സഭക്ക് ഉറപ്പുനൽകി.
ജനാധിപത്യ സംവിധാനത്തിനെതിരെ നഗരങ്ങളിലെ യുവാക്കളെ മാവോവാദികൾ ‘ബ്രെയിൻവാഷ്’ ചെയ്യുകയാണെന്നും അർബൻ നക്സലുകളെ പുതിയ നിയമം കൈകാര്യം ചെയ്യുമെന്നും ഫഡ്നാവിസ് പറഞ്ഞു. പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ, എഴുത്തുകൊണ്ടോ, ആഗ്യംകൊണ്ടോ, ദൃശ്യത്തിലൂടെയോ ക്രമസമാധാനത്തിനും നിയമ വ്യവസ്ഥക്കുമെതിരാകുന്നതും നിയമവിരുദ്ധ പ്രവൃത്തിയായി പുതിയ നിയമം വിവക്ഷിക്കുന്നു. അർബൻ നക്സൽ എന്നതിന് വിവക്ഷയില്ലെന്നും നിയമസഭ ജോയന്റ് സമിതിയുടെ ശിപാർശകൾ പരിഗണിച്ചില്ലെന്നും പ്രതിപക്ഷ പാർട്ടികളായ ഉദ്ധവ് പക്ഷ ശിവസേന, കോൺഗ്രസ്, ശരദ് പവാർ പക്ഷ എൻ.സി.പി എന്നിവർ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.