‘ഗ്യാനേഷ് കുമാർ, ഞങ്ങളുടെ ഐ.ക്യു ബി.ജെ.പിക്കാരുടേത് പോലെയാണെന്ന് കരുതരുത്’ -തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ലോക്സഭ തെരഞ്ഞെടുപ്പിലെ അട്ടിമറി സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമീഷണർ നടത്തിയ പ്രസ്താവനകൾ തികച്ചും പരിഹാസ്യമാണെന്നും കമീഷൻ ബി.ജെ.പിയുടെ കൈകളിലെ പാവയായി മാറിയെന്നും അവർ ആരോപിച്ചു. ‘ബഹുമാനപ്പെട്ട ഗ്യാനേഷ് കുമാർ സർ, ദയവായി ഞങ്ങളുടെ ശരാശരി ഐ.ക്യു ബി.ജെപി കേഡറുകളുടേതിന് തുല്യമാണെന്ന് കരുതരുത്. ഇത് ലജ്ജാകരമാണ്’ -മഹുവ മൊയ്ത്ര പറഞ്ഞു.
ബീഹാറിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ മൊയ്ത്ര ചൂണ്ടിക്കാണിച്ചു. 22,000 പരേതരുടെ പേര് ബിഹാറിലെ വോട്ടർപട്ടികയിലുണ്ടെന്ന കമീഷണറുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നതെന്ന് അവർ പറഞ്ഞു. ‘ഈ മരണങ്ങൾ അടുത്തിടെ സംഭവിച്ചതല്ല. ഏതാനും വർഷങ്ങളായി മരിച്ചവരുടെ എണ്ണമാണിത്. ഏറ്റവും അവസാനം 2025 ഏപ്രിലിൽ ഉൾപ്പെടെ ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരിച്ചിട്ടും അത്തരം പൊരുത്തക്കേടുകൾ കണ്ടെത്തി തിരുത്തിയിട്ടില്ല. ഇക്കാര്യത്തിൽ നിങ്ങളും നിങ്ങൾക്ക് മുമ്പുള്ള എല്ലാ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കർത്തവ്യലംഘനത്തിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും ഉത്തരവാദികളാകും. മിസ്റ്റർ കുമാർ, താങ്കൾ കമീഷണറായിരിക്കെ വോട്ടർ പട്ടിക കൃത്യമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം താങ്കളുടെ ഓഫിസിനാണ്. ഈ പിശകുകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ അല്ലാതെ മറ്റാരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ - മൊയ്ത്ര ചോദിച്ചു.
പ്രതിപക്ഷ പാർട്ടികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണത്തെയും മൊയ്ത്ര വിമർശിച്ചു. ബിഹാറിൽ പേര് വെട്ടിയ 65,000 വോട്ടർമാരുടെ പട്ടിക സുപ്രീം കോടതി ഇടപെടുന്നതുവരെ പരസ്യമാക്കാത്തതിനാൽ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആക്ഷേപവും അഭിപ്രായവും അറിയിക്കുന്നത് അസാധ്യമായെന്നും അവർ ചൂണ്ടിക്കാട്ടി. ‘കോടതിയിൽ പോകുകയും സുപ്രീം കോടതി സുതാര്യത നിർദേശിക്കുകയും ചെയ്യുന്നതുവരെ, ഈ 65,000 വോട്ടർമാർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വോട്ടവകാശം നിഷേധിക്കപ്പെട്ട വോട്ടർമാർക്ക് പോലും അതറിയില്ലെങ്കിൽ എങ്ങനെ ആക്ഷേപം ഫയൽ ചെയ്യാൻ കഴിയും?’ -മൊയ്ത്ര ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.