അനധികൃത ശിശുസംരക്ഷണ കേന്ദ്രം: ഭോപാലിൽ മലയാളി വൈദികൻ അറസ്റ്റിൽ
text_fieldsഭോപാൽ: അനധികൃത ശിശുസംരക്ഷണകേന്ദ്രം നടത്തി മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കേസിൽ ഭോപാലിൽ മലയാളി വൈദികൻ അറസ്റ്റിൽ. സി.എം.ഐ സഭയിലെ വൈദികൻ ഫാദർ അനിൽ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സഭ നടത്തുന്ന ‘എയ്ഞ്ചൽ ബാലഗൃഹ’ ശിശുസംരക്ഷണകേന്ദ്രത്തിന് സർക്കാർ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. പിന്നാലെ ബാലാവകാശ കമീഷൻ നടത്തിയ പരിശോധനയിൽ രജിസ്റ്റർ പ്രകാരമുള്ള 68 കുട്ടികളിൽ 26 പേരെ കാണാനില്ലെന്ന് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ, ഇവർ പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന് കലക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇതിനു പിന്നാലെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമല്ല സ്ഥാപനം നടത്തുന്നതെന്നും മതപരിവർത്തനശ്രമം നടത്തിയെന്നും ആരോപിച്ച് കേസെടുത്ത് വൈദികനെ അറസ്റ്റ് ചെയ്തത്.
എന്നാൽ, ആരോപണങ്ങൾ സി.എം.ഐ വികാർ പ്രൊവിൻഷ്യാൾ ഫാദർ ജോൺ ഷിബു പള്ളിപ്പാട്ട് നിഷേധിച്ചു. ശിശുസംരക്ഷണകേന്ദ്രമല്ല, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ മാത്രമാണിതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.