മലേഗാവ് സ്ഫോടനം: അപ്പീലിൽ വാദം കേൾക്കുന്നത് മാറ്റി
text_fieldsമുംബൈ: 2008ലെ മലേഗാവ് സ്ഫോടനക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കുന്നത് ബോംബെ ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിെവച്ചു. കേസിൽ കുറ്റമുക്തരാക്കിയ ഏഴ് പ്രതികളിൽ മുൻ ബി.ജെ.പി എം.പി പ്രജ്ഞാസിങ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരും ഉൾപ്പെടുന്നു.
സ്ഫോടനക്കേസിൽ കുറ്റമുക്തരാക്കിയതിനെതിരെ എല്ലാവർക്കും അപ്പീൽ നൽകാനുള്ള തുറന്ന ഗേറ്റല്ല കോടതിയെന്ന് ചൊവ്വാഴ്ച ഹൈകോടതി പറഞ്ഞിരുന്നു. വിചാരണയിൽ ഇരകളുടെ കുടുംബാംഗങ്ങളെ സാക്ഷികളായി വിസ്തരിച്ചിട്ടുണ്ടോ എന്ന് ആരായുകയും ചെയ്തു.
അപ്പീൽ ഹരജിക്കാരുടെ അഭിഭാഷകൻ ബുധനാഴ്ച വിശദാംശങ്ങളടങ്ങിയ ചാർട്ട് സമർപ്പിച്ചെങ്കിലും അപൂർണമാണെന്ന് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സ്ഫോടനത്തിൽ മകൻ മരിച്ച നിസാർ അഹമ്മദ് വിചാരണയിൽ സാക്ഷിയല്ലെന്ന് കുടുംബാംഗങ്ങളുടെ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞു.
അതേസമയം, വിചാരണ വേളയിൽ പ്രോസിക്യൂഷനെ സഹായിക്കാനും ഇടപെടാനും പ്രത്യേക കോടതി അദ്ദേഹത്തിന് അനുമതി നൽകിയതായും അഭിഭാഷകൻ ബോധിപ്പിച്ചു. ആറ് അപ്പീലുകളിൽ രണ്ടുപേരെ മാത്രമേ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളൂവെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു. എന്നാൽ, ചാർട്ടിൽ അങ്ങനെ വ്യക്തമാക്കിയിട്ടില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ചാർട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നെന്നും ശരിയായി പരിശോധിക്കണമെന്നും കോടതി അഭിഭാഷകനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

