എസ്.ഐ.ആർ മരണങ്ങളിൽ പാതിയും ഹിന്ദുക്കൾ; എന്റെ കഴുത്തറുത്താലും ശരി. ഒരാളെയും പുറത്താക്കാൻ അനുവദിക്കില്ല -മമത
text_fieldsമമത ബാനർജി
കൊൽക്കത്ത: എസ്.ഐ.ആർ പ്രക്രിയകളുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പകുതിയും ഹിന്ദുക്കളാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുർഷിദാബാദിൽ എസ്.ഐ.ആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സങ്കീർണമായൊരു പ്രക്രിയയിലൂടെ ഇരിക്കുന്ന കൊമ്പ് തന്നെയാണ് ബി.ജെ.പി മുറിക്കുന്നതെന്നും അവരുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ലെന്നും മമത വ്യക്തമാക്കി. ‘‘ഇവിടെ എൻ.ആർ.സിയും അനുബന്ധ തടവറകളും അനുവദിക്കില്ല. എന്റെ കഴുത്തറുത്താലും ശരി. ഒരാളെയും പുറത്താക്കാൻ അനുവദിക്കില്ല’’ -മമത പറഞ്ഞു. വഖഫ് സ്വത്തുക്കൾ കവർന്നെടുക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എസ്.ഐ.ആർ: ബംഗാളിൽ സമരം ശക്തമാക്കി ബി.എൽ.ഒമാർ; എന്യൂമറേഷൻ കാലാവധി മൂന്നുമാസം നീട്ടണമെന്നാവശ്യം
കൊൽക്കത്ത: വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ പശ്ചിമബംഗാളിൽ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ പ്രതിഷേധവുമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) രംഗത്ത്. എസ്.ഐ.ആർ എന്യൂമറേഷൻ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. 400ലധികം ബി.എൽ.ഒമാർ പൊലീസ് ബാരിക്കേഡ് ഭേദിച്ച് ആസ്ഥാന കവാടത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ജോലി സമ്മർദത്താൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നാല് ബി.എൽ.ഒമാരുടെ കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തു. ഇവർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ ഐക്യദാർഢ്യപ്രകടനവും അരങ്ങേറി. പത്ത് ദിവസത്തിനിടെ, രണ്ടാം തവണയാണ് പശ്ചിമബംഗാളിൽ ബി.എൽ.ഒമാരുടെ പ്രതിഷേധം. നവംബർ 24ന് ബി.എൽ.ഒമാർ കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. 10 ദിവസമായി ഏതാനും ബി.എൽ.ഒമാർ ഇവിടെ കുത്തിയിരിപ്പ് സമരം നടത്തുന്നുമുണ്ട്.
ഡിസംബർ നാലിനായിരുന്നു എന്യൂമറേഷൻ കാലാവധി നിശ്ചയിച്ചിരുന്നത്. ഇത് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷൻ പിന്നീട് ഒരാഴ്ച കൂടി നീട്ടി. എന്നാൽ, ഇത് പര്യാപ്തമല്ലെന്നും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എന്യൂമറേഷൻ പ്രക്രിയക്കുള്ള സമയം അനുവദിക്കണമെന്നുമാണ് ബി.എൽ.ഒമാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

