Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമതക്ക് വീണ്ടും തിരിച്ചടി; നന്ദിഗ്രാമിലെ പാർട്ടി സ്ഥാനാർഥി പിന്മാറി, നീക്കം മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതിനു പിന്നാലെ

text_fields
bookmark_border
മറുനീക്കവുമായി മമത വിഭാഗം
Mamata Banerjee
cancel
camera_alt

മമത ബാനർജി

കൊൽക്കത്ത: പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടതിനു പിന്നാലെ പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സഞ്ചിത പ്രധാൻ മത്സരരംഗത്തുനിന്ന് പിന്മാറി. ബംഗാൾ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് സഞ്ചിത സ്ഥാനാർഥിത്വം പിൻവലിച്ചത്. പത്രിക പിൻവലിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മമത വിഭാഗത്തെ ഞെട്ടിച്ച് സഞ്ചിതയുടെ പിന്മാറ്റം.

നേരത്തെ, ടി.എം.സിയുടെ പേരും ചിഹ്നവും ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിരുന്നു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ടി.എം.സി എം.എൽ.എമാരും എം.പിമാരും കൂട്ടത്തോടെ പാർട്ടി വിട്ടത് മമതയെ പ്രതിരോധത്തിലാക്കിയിരുന്നു. സഞ്ചിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടി.എം.സിയിൽ മമതയുടെ നേതൃത്വത്തിലുള്ള വിഭാഗം സഞ്ചിതയെയാണ് നന്ദിഗ്രാമിൽ സ്ഥാനാർഥിയായി നിർത്തിയത്. ഋതബ്രത ബാനർജി വിഭാഗം മുഹമ്മദ് ഇതെഷാമുൽ ഹഖിനെയും സ്ഥാനാർഥിയാക്കി. ബി.ജെ.പിക്കുവേണ്ടി ഹസിറാണി റാത്താണ് മത്സരിക്കുന്നത്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാമിലും റെജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പതിന് വോട്ടെണ്ണൽ നടക്കും.

പിന്നാലെ മറുനീക്കവുമായി മമത രംഗത്തുവന്നു. നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കാനാണ് പാർട്ടി തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിച്ചെന്നും കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നും മമത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ മന്ത്രി അഖിൽ ഗിരിയെ ഒഴിവാക്കിയാണ് പുതുമുഖമായി സഞ്ചിതയെ നന്ദിഗ്രാമിലേക്ക് പരിഗണിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് പാർട്ടിയിലുണ്ടായ വിമത നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, സഭയിലേക്ക് മടങ്ങിയെത്താൻ മമത നന്ദിഗ്രാമിൽനിന്ന് തന്നെ ജനവിധി തേടുമെന്നും ഊഹാപോഹങ്ങൾ നിലനിന്നിരുന്നു.

മമത ബാനർജിയെ സംബന്ധിച്ച് നന്ദിഗ്രാമിന് വൈകാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യമുണ്ട്. 2007ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ കരുത്തിലാണ് 2011ൽ മമത ബാനർജി ബംഗാളിൽ അധികാരത്തിലെത്തിയത്. മുമ്പ് ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ പബിത്ര കറിനെയാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ തൃണമൂൽ മത്സരിപ്പിച്ചത്. 2008 മുതൽ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് സഞ്ചിത പ്രധാൻ ദേയ്. 2018 മുതൽ 2023 വരെ പഞ്ചായത്ത് സമിതി അംഗമായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മുതിർന്ന നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമും ഭഭവാനിപൂറും ഒരേസമയം വിജയിക്കുകയും, നിയമപ്രകാരം ഒരു സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതുമാണ് നന്ദിഗ്രാമിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. മമത ബാനർജി നയിക്കുന്ന പക്ഷത്തിന് 'മമത ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്ബാൾ പ്ലെയർ' ചിഹ്നവുമാണ് കമീഷൻ അനുവദിച്ചത്. അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'എൻവലപ്പ്' ചിഹ്നവും നൽകി. ഇരുവിഭാഗങ്ങൾക്കും പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ പദവി ലഭിക്കുമെന്നും കമീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata's TMC faction opts out of Nandigram bypoll, to back Congress in rare move
Next Story