ബൂത്തിൽ നടന്നത് വംശഹത്യ; കേന്ദ്രത്തിനെതിരെ മമത
text_fieldsസിലിഗുരി: നാലാംഘട്ട വോട്ടെടുപ്പിനിടെ നാലു യുവാക്കൾ കേന്ദ്ര പൊലീസ് സേനയുടെ വെടിയേറ്റു മരിച്ച സംഭവത്തെച്ചൊല്ലി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്രസർക്കാറും തമ്മിലെ ആരോപണം മൂർധന്യത്തിൽ. കുച്ച്ബിഹാറിൽ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവർ വെടിയുണ്ട വർഷിക്കുകയായിരുന്നെന്നും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തിയ മമത തെരഞ്ഞെടുപ്പ് കമീഷനെതിരെയും വിമർശനമുയർത്തി.
ജില്ലയിൽ പ്രവേശിക്കുന്നതിന് രാഷ്ട്രീയനേതാക്കൾക്ക് കമീഷൻ 72 മണിക്കൂർ വിലക്കേർപ്പെടുത്തിയത് സത്യാവസ്ഥ മൂടിവെക്കാനുള്ള വ്യഗ്രതകൊണ്ടാണ്. പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് സി.ഐ.എസ്.എഫിന് നിശ്ചയമില്ല. കേന്ദ്രസേന ജനങ്ങൾക്കുമേൽ അതിക്രമം നടത്തുന്നുെവന്ന് ആദ്യഘട്ട പോളിങ്ങിനിടെതന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒരാളും വിലവെച്ചില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ പേര് മോദീപെരുമാറ്റച്ചട്ടം എന്നാക്കാൻ സമയമായിരിക്കുന്നുവെന്നും അവർ പറഞ്ഞു.
െവടിവെപ്പിൽ കൊല്ലപ്പെട്ട യുവാവിെൻറ സഹോദരനുമായി വാർത്തസമ്മേളനത്തിനിടെ വിഡിയോ കോളിൽ സംസാരിച്ച മുഖ്യമന്ത്രി കുടുംബത്തിന് സർവപിന്തുണയും വാഗ്ദാനം ചെയ്തു. വോട്ടുചെയ്യാൻ വരിയിൽ കാത്തുനിൽക്കെയാണ് കേന്ദ്ര പൊലീസ് സംഘം യുവാവിനെ വെടിവെച്ച് വീഴ്ത്തിയതെന്ന് സഹോദരൻ പറഞ്ഞു. ബി.ജെ.പി സകല ശക്തി ഉപയോഗിച്ചാലും തെൻറ ജനതയുടെ ഒപ്പം ചേരുന്നതിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന് മമത വ്യക്തമാക്കി.
അതേസമയം, കേന്ദ്രസേനയെ ഘൊരാവോ ചെയ്യണമെന്ന മമതയുടെ ആഹ്വാനമാണ് അക്രമത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. സംഘടിച്ച് ആക്രമിക്കാനും ആയുധം പിടിച്ചുപറിക്കാനും ശ്രമിച്ചവരിൽനിന്ന് സ്വയരക്ഷക്ക് വേണ്ടിയാണ് സേന വെടിവെച്ചത്.
പൊലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി അനുശോചിച്ച മമതക്ക് അതേ മണ്ഡലത്തിൽ വെടിയേറ്റുമരിച്ച ബി.ജെ.പിക്കാരെൻറ കാര്യത്തിൽ ദുഃഖമില്ല.
മൃതദേഹങ്ങളെ വെച്ചുപോലും പ്രീണനരാഷ്ട്രീയം കളിക്കുന്നത് ലജ്ജാവഹമാണെന്ന് നാദിയ ജില്ലയിലെ ശാന്തിപുരിൽ നടത്തിയ റോഡ്ഷോക്കിടെ ഷാ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.