'ഡാൻസ് ക്ലാസിൽ പോകാനുള്ളതുകൊണ്ട് പാചകം ചെയ്യാനായില്ല'; ഭാര്യയെ തല്ലിക്കൊന്ന ഭർത്താവ് പിടിയിൽ
text_fieldsയാമിനി കൃഷ്ണ ലാൽ
നാഗ്പൂർ: ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ പോയതിന് പിന്നാലെയുണ്ടായ തർക്കത്തിൽ 38 കാരിയായ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണ സംഭവം നടന്നത്. യാമിനി കൃഷ്ണ ലാൽ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് 41 കാരനായ കൃഷ്ണ ലാൽ യാദവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ദമ്പതികൾക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതി കൃഷ്ണ ലാൽ, തങ്ങൾക്കും കുട്ടികൾക്കും ഭക്ഷണം പാചകം ചെയ്യാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ സമയത്ത് ഹൗസിങ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്ന യാമിനി പാചകം ചെയ്യാൻ വിസമ്മതിച്ചു. ഇത് ഇരുവർക്കുമിടയിൽ വലിയ വാക്കേറ്റത്തിന് കാരണമായി.
മദ്യലഹരിയിലായിരുന്ന കൃഷ്ണ ലാൽ പ്രകോപിതനായി കുട്ടികളുടെ മുന്നിൽ വെച്ച് യാമിനിയുടെ കഴുത്തിലും വയറ്റിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. വേദനസംഹാരി വാങ്ങി നൽകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടെങ്കിലും മരുന്ന് കട അടച്ചതിനാൽ മരുന്നു ലഭിച്ചില്ല. തുടർന്ന് ആന്തരിക രക്തസ്രാവത്തെ തുടർന്ന് വയറു വീർക്കുകയും നില വഷളാകുകയും ചെയ്ത യാമിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിലെ അസ്ഥി ഒടിഞ്ഞതും കുടലുകൾക്ക് ഗുരുതരമായി പരിക്കേറ്റതും കണ്ടെത്തി. യാമിനിയെ കഴുത്തിൽ ഞെരിച്ചതായും വയറ്റിൽ ശക്തമായി ആക്രമിച്ചതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇതോടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
"ഞങ്ങൾ മുംബൈയിൽ ആയിരുന്നപ്പോഴാണ് യാമിനി മരിച്ചുവെന്ന വിവരം ലഭിക്കുന്നത്. ചെറിയ കുടുംബ പ്രശ്നങ്ങൾ മുൻപും ഉണ്ടായിരുന്നെങ്കിലും യാമിനിയുടെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾ ഇടപെട്ടിരുന്നില്ല. എന്നാൽ ഇത് ഇത്ര വലിയ ദുരന്തത്തിൽ കലാശിക്കുമെന്ന് കരുതിയില്ല," എന്ന് യാമിനിയുടെ സഹോദരി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

