ഓൺലൈനിൽ സ്മാർട്ട് ഫോൺ ഓർഡർ ചെയ്തു; പാർസൽ തുറന്നപ്പോൾ കിട്ടിയത് ചാണകം- VIDEO
text_fieldsനോയിഡ : ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് വിലക്കുറവിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം. ഗ്രേറ്റർ നോയിഡയിലെ ദൻകൗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സമസ്പൂർ ഗ്രാമവാസിയായ ആകാശ് നാഗറാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ജോലിക്കായി ഉപയോഗിക്കുന്നതിനായി 1,999 രൂപ മുൻകൂറായി ഡിജിറ്റൽ പേയ്മെന്റ് വഴി നൽകി ബുക്ക് ചെയ്ത ഫോൺ എത്തിയപ്പോഴാണ് യുവാവ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്.
പാർസൽ എത്തിയപ്പോൾ സംശയം തോന്നിയ ആകാശ് അത് തുറക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. പെട്ടി തുറന്നപ്പോൾ ഫോണിനോ മറ്റ് അനുബന്ധ സാധനങ്ങൾക്കോ പകരം ഒരു കഷണം ചാണകമാണ് അതിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. വിഡിയോ തെളിവ സഹിതം ആകാശ് ദൻകൗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ ദൻകൗർ പോലീസിലെ സൈബർ സെൽ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ പേയ്മെന്റ് പോർട്ടൽ വിവരങ്ങൾ, കൊറിയർ സർവീസ് രേഖകൾ, പരസ്യം നൽകിയ ഇൻസ്റ്റഗ്രാം പേജിന്റെ ഡിജിറ്റൽ തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വൻ വിലക്കുറവ് വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾ വർധിച്ചുവരികയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതമായ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാതിരിക്കാനും, അംഗീകൃത ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ മാത്രം ഉപയോഗിക്കാനും സൈബർ വിദഗ്ധർ നിർദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

