മംഗളൂരു ചലോ റാലി: യെദിയൂരപ്പ അടക്കം ബി.ജെ.പി നേതാക്കൾ കസ്റ്റഡിയിൽ
text_fieldsമംഗളൂരു: ബി.ജെ.പിയുടെ 'മംഗളൂരു ചലോ' ബൈക്ക് റാലിക്കെതിരെ ശക്തമായ നടപടിയുമായി കർണാടക പൊലീസ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അടക്കം നിരവധി ബി.െജ.പി നേതാക്കളെ പൊലീസ് കസ്റ്റഡയിലെടുത്തു. റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബി.ജെ.പി നേതാക്കൾ. കൂടാതെ നിരവധി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമ സംഭവങ്ങൾ മുന്നിൽകണ്ട് വൻ പൊലീസ് സന്നാഹത്തെ മംഗളൂരുവിൽ വിന്യസിച്ചതായി റിപ്പോർട്ട്. പ്രവർത്തകരെ നിയന്ത്രിക്കാൻ നിരവധി സ്ഥലങ്ങളിൽ ബാരിക്കേഡുകളും സ്ഥാപിച്ചു. കർണാടകയിൽ ഹിന്ദുക്കൾക്കെതിരായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചത്.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ബൈക്ക് റാലിക്ക് കർണാടകയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റാലിക്ക് ഉപയോഗിക്കാൻ വേണ്ടി എത്തിച്ച ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലാണ്. റാലിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച മുൻ ആഭ്യന്തരമന്ത്രി ആർ. അശോക, ശോഭ കരംദ് ലജ്, ബി.ജെ.പി യുവ മോർച്ച പ്രസിഡന്‍റ് പ്രതാപ് സിംഹ എന്നിവർ ഉൾപ്പെടെ 200ലധികം പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
റാലി നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ, ബൈക്കുകൾ ഉപയോഗിച്ച് ഗതാഗതം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടേത് രാഷ്ട്രീയ പാർട്ടിയാണെങ്കിൽ മതസൗഹാർദം കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.