മണിപ്പൂർ കത്തുന്നു, ബംഗാളിൽ അക്രമം വ്യാപിക്കുന്നു, അടുത്ത പട്ടികയിൽ പഞ്ചാബെന്ന് അവർ പറയുന്നു -ബി.ജെ.പിക്കെതിരെ ആരോപണങ്ങളുമായി ആപ് എം.പി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന വ്യാപക അക്രമസംഭവങ്ങളെ ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്. അമൃത്സറിലും ജലന്ധറിലും ഇരട്ട സ്ഫോടനങ്ങളോടെയാണ് കാവി സൈന്യം ‘മിഷൻ പഞ്ചാബ്’ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘പഞ്ചാബിൽ അക്രമം വ്യാപിപ്പിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടോ?’ എന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
പഞ്ചാബിലെ സുരക്ഷാ സ്ഥാപനങ്ങൾക്ക് സമീപം ചൊവ്വാഴ്ച രാത്രി നടന്ന ഇരട്ട സ്ഫോടനങ്ങൾ സംസ്ഥാനത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കൂടാതെ, സ്ഫോടനത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ കക്ഷികൾ പരസ്പരം പഴിചാരുകയും ചെയ്തിരുന്നു. ജലന്ധറിൽ ബി.എസ്.എഫ് ആസ്ഥാനത്തിന് പുറത്ത് രാത്രി എട്ടു മണിയോടെയാണ് ആദ്യ സ്ഫോടനം നടന്നത്. അമൃത്സറിലെ ഖസയിലെ ആർമി കന്റോൺമെന്റിന് സമീപം രാത്രി 11 മണിയോടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തിന്റെ സമാധാന അന്തരീക്ഷം താറുമാറാകുന്നത് കാണാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന് സഞ്ജയ് സിങ് ആരോപിച്ചു. ‘കഴിഞ്ഞ മൂന്ന് വർഷമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ അക്രമം രൂക്ഷമായി. പഞ്ചാബാണ് പട്ടികയിൽ അടുത്തതെന്ന് ബി.ജെ.പി പറയുന്നു’ -ആപ് എം.പി പറഞ്ഞു.
ബി.ജെ.പിയും ഐ.എസ്.ഐയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും എം.പി ആരോപിച്ചു. ‘പത്താൻകോട്ട് സംഭവത്തിൽ നമ്മൾ ഇത് മുമ്പ് കണ്ടിട്ടുണ്ട്. അമൃത്സറിലും ജലന്ധറിലും നടന്ന സ്ഫോടനങ്ങൾ സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.‘രാജ്യത്ത് നിരവധി സംഭവങ്ങൾക്ക് പിന്നിൽ ഇതേ ഐ.എസ്.ഐ തന്നെയാണ്. ബി.ജെ.പിയുമായി ശക്തമായ ബന്ധമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഞങ്ങളുടെ പാർട്ടിയും അമൃത്സറിലും ജലന്ധറിലും സ്ഫോടനങ്ങൾക്ക് കാരണം അവരാണെന്ന ആരോപണം ഉന്നയിച്ചത്’ -സിങ് കൂട്ടിച്ചേർത്തു.
പഞ്ചാബിൽ നടന്ന രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ബി.ജെ.പിക്കാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 2027ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് പാർട്ടി തയാറെടുക്കുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് രംഗത്തെത്തിയിരുന്നു. ഭഗവന്ത് മാനിന്റെ പരാമർശം ‘നിരുത്തരവാദപരവും പക്വതയില്ലാത്തതു’മാണെന്നായിരുന്നു പ്രതികരണം. ആം ആദ്മി സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചുഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

