സ്റ്റാലിന് തലവേദനയായി മാരൻ കുടുംബപോര്
text_fieldsചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ മാരൻ സഹോദരന്മാരുടെ സ്വത്ത് തർക്കം രൂക്ഷമായത് ഡി.എം.കെക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തലവേദനയാകുന്നു. സൺഗ്രൂപ് ചെയർമാനായ കലാനിധി മാരനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് സഹോദരനും ഡി.എം.കെ എം.പിയുമായ ദയാനിധി മാരൻ ആരോപിച്ചത്.
ഈ വിഷയം ഉന്നയിച്ച് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും രംഗത്തെത്തിയത് ഡി.എം.കെയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കരുണാനിധി കുടുംബത്തിൽ കാലാകാലമായി അരങ്ങേറിയ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ ആരോപിച്ചു.
അന്തരിച്ച മുൻ കേന്ദ്രമന്ത്രി മുരശൊലിമാരന്റെ മക്കളാണ് കലാനിധിയും ദയാനിധിയും ഡോ.അൻപുക്കരസിയും. മൂന്നു ദശാബ്ദക്കാലത്തിലധികം എം.പിയായിരുന്ന മുരശൊലിമാരൻ വി.പി.സിങ്, ഐ.കെ. ഗുജ്റാൾ, എച്ച്.ഡി. ദേവഗൗഡ, എ.ബി. വാജ്പേയി എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിൽ അംഗമായിരുന്നു. കരുണാനിധിയുടെ സഹോദരി ഷൺമുഖസുന്ദരിയുടെ മകനാണ് മുരശൊലിമാരൻ.
കരുണാനിധി- മാരൻ കുടുംബങ്ങളുടെ ഓഹരി പങ്കാളിത്തത്തോടെ കലാനിധി മാരനാണ് സൺ ടി.വി നെറ്റ് വർക്കിന് തുടക്കമിട്ടത്. നിലവിൽ കോടികളുടെ വിപണി മൂല്യമുള്ള കമ്പനിയാണിത്. പുതിയ വിവാദത്തോടെ സൺഗ്രൂപ് ഓഹരികളുടെ വിലയിൽ ഇടിവുണ്ടായി. മുരശൊലിമാരൻ രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന അവസാന നാളുകളിൽ കൃത്രിമരേഖകൾ ചമച്ച് കലാനിധി മാരൻ സ്വത്തുക്കൾ തട്ടിയെടുത്തതായാണ് ദയാനിധി മാരൻ വക്കീൽ നോട്ടീസിൽ ആരോപിച്ചത്. മാരൻ സഹോദരന്മാരുടെ നിയമ പോരാട്ടം കോടതികളിലും മറ്റുമായി നീണ്ടുനിൽക്കുമെന്ന് ഉറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.