കടൽ ഖനനം: കേരളത്തിന്റെ പ്രതിഷേധം ലോക്സഭയിൽ
text_fieldsന്യൂഡൽഹി: കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിച്ചതിനെതിരെ ലോക്സഭയിൽ കടുത്ത പ്രതിഷേധവുമായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും. എന്നാൽ, സ്വന്തം ആവശ്യത്തിന് മണൽ ഇറക്കുമതി ചെയ്യുകയാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചതാണെന്നും അതിനാൽ കേരളത്തിന് അനുഗുണമായ പദ്ധതിയാണിതെന്നും കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി കീര്‍ത്തിവർധന്‍ സിങ് മറുപടി നല്കി. ഖനനം ആരംഭിക്കുന്നതിനു മുമ്പുതന്നെ പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടി തീരുമാനിക്കുകയുള്ളൂവെന്നും മന്ത്രി നിലപാട് ആവർത്തിച്ചു.
അതേ സമയം ടെൻഡർ വിളിച്ച കമ്പനി തന്നെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിലെ അനൗചിത്യം കെ.സി. വേണുഗോപാൽ ചോദ്യം ചെയ്തു. ഉൾക്കടലിൽ പോയി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അനുഭവം പങ്കുവെച്ച വേണുഗോപാൽ ഒരു നിലക്കും കടൽ ഖനനം അനുവദിക്കില്ലെന്ന് കൂട്ടിച്ചേർത്തു. ലോക്സഭയില്‍ ചോദ്യോത്തര വേളയിലാണ് കേരള എം.പിമാരും കേന്ദ്ര മന്ത്രിയും കൊമ്പുകോർത്തത്.
കഴിഞ്ഞ മൂന്നുമാസമായി മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. കടല്‍ ഖനനം ഏറ്റവുമധികം ബാധിക്കുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ കൂടിയാലോചിക്കണം. ആദ്യം ടെന്‍ഡർ നല്‍കുമെന്നും പിന്നീട് ടെന്‍ഡര്‍ ലഭിച്ച കമ്പനി പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ എന്ത് യുക്തിയാണെന്ന് വേണുഗോപാല്‍ ചോദിച്ചു.
കടല്‍ഖനനം മത്സ്യ സമ്പത്തുകൊണ്ട് സമൃദ്ധമായ കൊല്ലം പരപ്പിന്റെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്നും ഖനനത്തില്‍ നിന്നും പിന്മാറണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. കടല്‍മണല്‍ ഖനനം നടത്തിയ രാജ്യങ്ങളിലെ അനുഭവനം ദുരന്തപൂർണമാണ്. കേരളത്തിലും ഗുരുതരമായ പ്രകൃതി ദുരന്തം ഉണ്ടാക്കുന്നതാണ് ആഴക്കടല്‍ മണല്‍ ഖനന നിർദേശം. ഖനനം നടത്തുന്നവര്ക്കുതന്നെ ഖനനം കൊണ്ടുണ്ടാകുന്ന ദോഷവശങ്ങളും സംബന്ധിച്ച് പഠനം നടത്താന്‍ അനുവാദം നല്‍കുന്നത് വിപരീതഫലം ഉണ്ടാക്കും. അതിഗുരുതരമായ പ്രശ്നമാണിതെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭയില്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.