16കാരിയുടെ വിവാഹം ശരിവെച്ചത് കീഴ്വഴക്കമാക്കേണ്ട -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 16കാരിയായ മുസ്‍ലിം പെൺകുട്ടി സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ചത് മുസ്‍ലിം വ്യക്തി നിയമപ്രകാരം ശരിവെച്ച പഞ്ചാബ് ഹരിയാന ഹൈകോടതി വിധി കോടതികൾ കീഴ്വഴക്കമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.
ഋതുമതിയായ മുസ്‍ലിം പെൺകുട്ടിക്ക് 18 വയസ്സിനുമുമ്പ് മുസ്‍ലിം വ്യക്തി നിയമപ്രകാരം വിവാഹിതയാകാം എന്ന പഞ്ചാബ് ഹരിയാന ഹൈകോടതിവിധി മറ്റു ഹൈകോടതികൾ പിന്തുടരുന്നത് തടയാൻ സ്റ്റേ ചെയ്യണമെന്നായിരുന്നു ദേശീയ ബാലാവകാശ കമീഷന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം. എന്നാൽ, സ്റ്റേ ആവശ്യം വിവാഹം കഴിഞ്ഞ പ്രായപൂർത്തിയാകാത്ത വധുവിന്റെ ആഗ്രഹത്തിനെതിരാണെന്ന് വ്യക്തമാക്കിയാണ് മറ്റാരും ഇനി ഇതൊരു കീഴ്വഴക്കമാക്കാതിരിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ അടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
14ഉം 15ഉം 16ഉം വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതര്‍ ആകുകയാണെന്ന് വാദിച്ച തുഷാർ മേത്ത വ്യക്തി നിയമം അതിനുള്ള പ്രതിരോധമാകാമോ എന്ന് ചോദിച്ചു. പോക്സോ നിയമപ്രകാരം ക്രിമിനൽ കുറ്റകൃത്യമായ വിവാഹം സാധുവാകുമോന്നും എന്നും അദ്ദേഹം ചോദിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് സമാനമായ കേസുകൾ ഒരുമിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സ്റ്റേ ചെയ്താൽ പെൺകുട്ടിയുടെ വിവാഹം റദ്ദാകും. അവൾക്ക് വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും. വീട്ടുകാർ അമ്മാവനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യും. അതവൾ ആഗ്രഹിക്കാത്തതാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
16 വയസ്സുള്ള തന്റെ മകളെ തട്ടിക്കൊണ്ടുപോയതിനെതിരെ പിതാവ് ജാവേദ് സമർപ്പിച്ച ഹരജിയിലാണ് പെൺകുട്ടിയും താനും സ്വന്തം ഇഷ്ടപ്രകാരം മുസ്‍ലിം വിവാഹ നിയമപ്രകാരം വിവാഹിതരായതാണെന്ന ഭർത്താവിന്റെ വാദം സ്വീകരിച്ച് പഞ്ചാബ് ഹരിയാന ഹൈകോടതി വിവാഹം ശരിവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.