അസമിലെ കൂട്ടകുടിയിറക്കൽ: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിദഗ്ധർ
text_fieldsഗുവാഹതി: അസമിൽ സംരക്ഷിത വനഭൂമി തിരിച്ചുപിടിക്കലെന്ന പേരിൽ ബംഗാളി വംശജരായ ആയിരങ്ങളെ കൂട്ടമായി കുടിയിറക്കുന്നത് അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതിലേറെ രാഷ്ട്രീയ താൽപര്യങ്ങളോടെയെന്ന് വിദഗ്ധർ. അയൽ സംസ്ഥാനങ്ങളുടെ ഭൂമി കൈയേറ്റം തടയാൻ വീടും വൈദ്യുതിയുമടക്കം സൗകര്യങ്ങൾ നൽകി എത്തിച്ചവരാണ് നിർദയം പുറന്തള്ളപ്പെടുന്നത്. കഴിഞ്ഞ ജൂണിനു ശേഷം മാത്രം പ്രധാനപ്പെട്ട ഒമ്പത് കുടിയിറക്കലുകളാണ് ഹിമന്ത ബിശ്വ ശർമ നയിക്കുന്ന ബി.ജെ.പി സർക്കാർ അസമിൽ നടത്തിയത്. ആയിരക്കണക്കിന് കുടുംബങ്ങൾ ഇതുവഴി വഴിയാധാരമായി.
‘‘ഈയിടെ നടന്ന കുടിയൊഴിപ്പിക്കലുകൾ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായല്ല. അപ്പർ അസമിൽ പുതിയ ആഖ്യാനമൊരുക്കാൻവേണ്ടിയാണ്. കഴിഞ്ഞ വർഷം ലോക്സഭ തെരഞ്ഞെടുപ്പിൽ ഗൗരവ് ഗൊഗോയ് വിജയിച്ചതും പിറകെ കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷനായി ചുമതല നൽകിയതും അപ്പർ അസം ജില്ലകളിൽ ഗൗരവ് അനുകൂല തരംഗം സൃഷ്ടിച്ചിരുന്നു’- പ്രമുഖ ന്യൂറോ സർജൻ നവനിൽ ബറുവ പി.ടി.ഐയോട് പറഞ്ഞു.
ഈ കുടിയൊഴിപ്പിക്കൽ വഴി ‘ഹിന്ദു- മുസ്ലിം ആഖ്യാനം’ സൃഷ്ടിച്ചെടുക്കലാണ് ഭരണകക്ഷിയായ ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചില സംഘടനകൾ ഇതിനകം ‘മിയവിരുദ്ധ’ പ്രക്ഷോഭങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 2026 മാർച്ചിനു ശേഷം ദീർഘകാലം ഇത്തരം കുടിയിറക്കലുകളെ കുറിച്ച് കാര്യമായി കേൾക്കേണ്ടിവരില്ലെന്നും ബറുവ പറയുന്നു. ‘മിയ’ എന്ന പദം അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ വിശേഷിപ്പിക്കുന്നതാണ്. ഇവരത്രയും ബംഗ്ലാദേശി കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുക പതിവാണ്.
കടുത്ത ഹിന്ദു-മുസ്ലിം വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ഹാൻഡിക് ഗേൾസ് കോളജ് അസി. പ്രഫസർ പല്ലവി ഡെക പറയുന്നു.
കഴിഞ്ഞ 10 ദിവസത്തിനിടെ റെംഗ്മ സംരക്ഷിത വനമേഖലയിൽ മാത്രം 1400 ഹെക്ടർ ഭൂമിയാണ് ഒഴിപ്പിച്ചത്.
കുടിയിറക്കപ്പെട്ടത് 2200 ഓളം കുടുംബങ്ങളും. ഇവയത്രയും വനഭൂമിയായിരുന്നെങ്കിൽ എല്ലാ സൗകര്യങ്ങളും അനുവദിച്ച് സ്ഥിര താമസത്തിന് സർക്കാർ എങ്ങനെ അനുമതി നൽകിയെന്ന് പ്രമുഖ അഭിഭാഷകൻ സന്താനു ബൊർതാകുർ ചോദിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.