ട്രെയിനിലെ കൂട്ടക്കൊല; താൻ മാനസികരോഗിയെന്ന് ജാമ്യാപേക്ഷയിൽ പ്രതി
text_fieldsമുംബൈ: ജയ്പുർ-മുംബൈ ട്രെയിനിൽ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി മുൻ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരി ജാമ്യാപേക്ഷ നൽകി. മാനസിക രോഗിയാണെന്ന് അവകാശപ്പെട്ടാണ് ബുധനാഴ്ച ദീൻദോഷി സെഷൻസ് കോടതിയിൽ അഭിഭാഷകർ മുഖേന അപേക്ഷ നൽകിയത്. വർഷങ്ങളായി തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും ഹരജിയിൽ പറയുന്നു. ജയിലിൽ മറവി, ബലഹീനത ലക്ഷണങ്ങൾ പ്രകടമാകുന്നതായും അവകാശപ്പെടുന്നു.
പ്രതിയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി ഹരജി പരിഗണിക്കുന്നത് ഡിസംബർ ഒന്നിലേക്ക് മാറ്റി. അതേസമയം, പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ബോധപൂർവം പ്രത്യേക മതവിഭാഗത്തിൽപ്പെട്ട യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്നുമാണ് സർക്കാർ റെയിൽവേ പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
ജോലിസമയം തീരുന്നതിനുമുമ്പ് മറ്റൊരു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിപ്പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യത്താലാണ് മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചുകൊന്നതെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. അസ്ഗർ അലി അബ്ബാസ്, അബ്ദുൽ കാദർ ഭാൻപുർവാല, സയ്യിദ് സൈഫുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ട യാത്രക്കാർ. കൂട്ടക്കൊലയെ തുടർന്ന് ചേതൻ സിങ് ചൗധരിയെ ആർ.പി.എഫ് സർവിസിൽനിന്ന് പുറത്താക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.