ഇസാഫ് ബാങ്ക് ശാഖയിൽ വൻ കൊള്ള; 14 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു
text_fieldsഭോപാൽ: മധ്യപ്രദേശിലെ ജബൽപുരിലുള്ള ഇസാഫ് ബാങ്ക് ശാഖയിൽ 14 കോടിയുടെ സ്വർണം കവർന്നു. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം 20 മിനിറ്റിലാണ് കൊള്ള നടത്തിയത്. സ്വർണത്തിനു പുറമെ അഞ്ച് ലക്ഷംരൂപയും അക്രമികൾ കവർന്നു. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കുമ്പോഴാണ് ഹെൽമറ്റ് ധരിച്ച അക്രമി സംഘമെത്തി കൊള്ള നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബാങ്ക് തുറന്നയുടനെ മുഖംമൂടി ധരിച്ച അഞ്ച് പുരുഷന്മാർ വ്യത്യസ്ത ബൈക്കുകളിൽ എത്തിയാണ് കൊള്ള നടത്തിയത്. സിഹോറയിലെ നാഷണൽ ഹൈവേയ്ക്കും ഖിത്തോള ടേണിനും സമീപമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങളും ഇടപാടുകളും ആരംഭിച്ചിട്ടുപോലുമില്ലായിരുന്നു. രാവിലെ 8:55ഓടെ ആസൂത്രിതമായി എത്തി ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ശുചിമുറിയിൽ അടച്ചശേഷം കവർച്ച നടത്തി രക്ഷപെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.