‘മുന്നിൽ കിണറും പിന്നിൽ കിടങ്ങും എന്ന അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു’; വ്യാപാര കരാറിനെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ
text_fieldsന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ വീണ്ടും കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കളവുപറഞ്ഞ് കേന്ദ്ര സർക്കാർ രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്രക്കയറ്റുമതിക്കാരെയും വഞ്ചിക്കുകയാണെന്ന് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം പരത്തുകയാണെന്നും രാജ്യത്തെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും ആഴത്തിൽ മുറിപ്പെടുത്തുന്ന രീതിയിലാണ് സർക്കാർ കരാറുകൾ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുമായി ചേർന്ന് യു.എസ് കരാറിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് ചർച്ച നടത്തുന്നതിനിടയിലാണ് രാഹുൽ ഗാന്ധി സർക്കാറിനെതിരെ സമൂഹ മാധ്യമങ്ങളും വിഡിയോയും വഴി വീണ്ടും കടന്നാക്രമണം നടത്തിയത്.
ബംഗ്ലാദേശിൽ നിന്നുള്ള വസ്ത്ര കയറ്റുമതിക്ക് തീരുവ പൂജ്യമാണെങ്കിൽ ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18 ശതമാനം ഇറക്കുമതി തീരുവയാണെന്ന വിമർശനത്തിന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ നൽകിയ മറുപടി കളവാണെന്ന് രാഹുൽ പറഞ്ഞു. അമേരിക്കൻ പരുത്തി ഇറക്കുമതി ചെയ്യുക എന്ന നിബന്ധനയിലാണ് ബംഗ്ലാദേശിന് ഈ വലിയ ആനുകൂല്യം ലഭിക്കുന്നത്. ഇതേ ആനുകൂല്യം ഇന്ത്യക്ക് വേണമെങ്കിൽ അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടിവരും. ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുറക്കാനോ നിർത്താനോ ബംഗ്ലാദേശ് ആലോചിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഈ നയം ഇന്ത്യയെ ഒരു കെണിയിൽ വീഴ്ത്തിയിരിക്കുകയാണ്. യു.എസ് പരുത്തി ഇറക്കുമതി ചെയ്താൽ ഇന്ത്യൻ പരുത്തി കർഷകർക്ക് തിരിച്ചടിയാകും. ഇറക്കുമതി ചെയ്തില്ലെങ്കിൽ വസ്ത്ര നിർമാണമേഖല തകരും. ‘മുന്നിൽ കിണറും പിന്നിൽ കിടങ്ങും’ എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും രാഹുൽ പറഞ്ഞു.
യു.എസിലേക്കുള്ള 50 ശതമാനം കയറ്റുമതിയും പൂജ്യം തീരുവയിലെന്ന് കേന്ദ്രം
ന്യൂഡൽഹി: സമ്പദ്ഘടനയെ കുറിച്ചറിയാത്ത പക്വതയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും യു.എസ് കരാറിനെ കുറിച്ച് അദ്ദേഹം തെറ്റിദ്ധാരണ പരത്തുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 50 ശതമാനവും പൂജ്യം തീരുവയിലായിരിക്കുമെന്ന് പിയൂഷ് ഗോയൽ അവകാശപ്പെട്ടു. ബാക്കി 50 ശതമാനം ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള 18 ശതമാനം തീരുവ നമ്മോട് മത്സരിക്കുന്ന ചൈന, വിയറ്റ്നാം, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്ന അവകാശവാദവും ഗോയൽ പറഞ്ഞു. യൂറോപ്യൻ യൂനിയൻ, ന്യൂസിലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കുള്ള വസ്ത്ര കയറ്റുമതി പൂജ്യം തീരുവയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

