മൗലാന ഗുൽസാർ അഅ്സമി അന്തരിച്ചു
text_fieldsമുംബൈ: നിരപരാധികൾക്കായി നിയമ പോരാട്ടം നടത്തുന്ന ജംഇയ്യതുൽ ഉലമായെ ഹിന്ദ് ലീഗൽ സെൽ സെക്രട്ടറി മൗലാന ഗുൽസാർ അഅ്സമി അന്തരിച്ചു. കാൽവഴുതി വീണ് തലക്കുപരിക്കേറ്റ് ചികിത്സയിൽ കഴിയവെ ഞായറാഴ്ചയായിരുന്നു മരണം. 89 വയസ്സായിരുന്നു.
ഭീകരവാദ കേസുകളിൽ അന്വേഷണ ഏജൻസികൾ തടവിലാക്കിയ നിരപരാധികളായ മുസ്ലിം യുവാക്കളുടെ പ്രതീക്ഷയാണ് മൗലാന ഗുൽസാർ അഅ്സമിയുടെ മരണത്തോടെ അണയുന്നത്. നിയമ പോരാട്ടത്തിലൂടെ വധശിക്ഷ വിധിക്കപ്പെട്ടവരടക്കം നിരവധിപേരുടെ രക്ഷകനായ അദ്ദേഹത്തിന്റെ രണ്ടു മക്കളും ഭീകരവാദ കേസുകളിൽ കുടുങ്ങിയിരുന്നു. 2011 ൽ അധോലോകക്കാർ വെടിവെച്ചുകൊന്ന അഭിഭാഷകൻ ശാഹിദ് അഅ്സമിയും ഗുൽസാർ അഅ്സമിയും ലീഗൽ സെല്ലിന്റെ നെടുംതൂണുകളായിരുന്നു. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളാണ് ഭീകരവാദ കേസുകളിൽ കൂടുതലും അറസ്റ്റിലാകുന്നത്. അറസ്റ്റിലാകുന്നവരെ കുറിച്ച അന്വേഷണത്തിനുശേഷമാണ് നിയമസഹായം നൽകിയിരുന്നത്.
തന്റെ മരണദിവസം നേരത്തേ കുറിക്കപ്പെട്ടതിനാൽ ഭീഷണികളെ വകവെക്കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. വീണ് പരിക്കേൽക്കുംവരെ ബിണ്ടി ബസാറിലെ പത്താൻവാടയിലുള്ള ജംഇയ്യത് ഓഫിസിൽ കർമനിരതനായിരുന്നു അദ്ദേഹം. 1958 മുതൽ ജംഇയ്യതുൽ ഉലമയുടെ ഭാഗമാണ്. സംഘടനയുടെ മഹാരാഷ്ട്ര ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിട്ടുണ്ട്. മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ അംഗവുമായിരുന്നു. അക്ഷർധാം ഭീകരാക്രമണ കേസിൽ അറസ്റ്റിലായ മുഫ്തി അബ്ദുൽ ഖയ്യൂമിനെ തൂക്കുകയറിൽനിന്നും രക്ഷിച്ചത് ഇത്തരത്തിലുള്ള ഇടപെടലാണ്. വിചാരണ കോടതി വധശിക്ഷക്ക് വിധിക്കുകയും ഹൈകോടതി ശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, സുപ്രീംകോടതി ഖയ്യൂമിനെ വെറുതെവിട്ടു. ഖയ്യൂമടക്കം ഭീകരവാദ കേസുകളിൽ കുറ്റമുക്തരാക്കപ്പെട്ടവർ ഗുൽസാർ ആസ്മിയുടെ ഖബറടക്കത്തിന് ബഡെ ഖബർസ്ഥാനിൽ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.