യു.പി തെരഞ്ഞെടുപ്പ്: 'കിങ് മേക്കർ' ആകാൻ മായാവതി; ശക്തിപ്രകടന റാലിക്കൊരുങ്ങി ബി.എസ്.പി
text_fieldsലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ റാലി സംഘടിപ്പിക്കാനൊരുങ്ങി ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. ഡിസംബർ ആറിന് ബി.ആർ. അംബേദ്കറുടെ ചരമവാർഷിക ദിനത്തിലാണ് ലഖ്നൗവിൽ റാലി നടത്തുക. ദലിത് വോട്ടുബാങ്ക് ഇപ്പോഴും പാർട്ടിക്കൊപ്പമാണെന്ന് രാഷ്ട്രീയ എതിരാളികളെ ബോധ്യപ്പെടുത്തുകയാണ് റാലിയിലൂടെ മായാവതി ലക്ഷ്യമിടുന്നത്.
ലഖ്നൗവിലെ അംബേദ്കർ സാമൂഹിക പരിവർത്തന സ്ഥലത്താണ് റാലി സംഘടിപ്പിക്കുക. ഈ വർഷം സംസ്ഥാന തലസ്ഥാനത്ത് മായാവതി പങ്കെടുക്കുന്ന ബി.എസ്.പിയുടെ ആദ്യ പൊതുപരിപാടിയാണിത്. വ്യാഴാഴ്ച മായാവതിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് റാലി നടത്താൻ തീരുമാനിച്ചത്.
റാലി ചരിത്രസംഭവമാകുമെന്നും മുൻകാല റെക്കോഡുകളെല്ലാം മറികടക്കുമെന്നും യോഗത്തിൽ മായാവതി പറഞ്ഞു. അനുയായികളെക്കൊണ്ട് ലഖ്നൗ നഗരം നിറക്കുമെന്നും അവർ വ്യക്തമാക്കി. ദലിത് വിഭാഗങ്ങൾക്കൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളിലേക്ക് എത്താനും റാലി വൻ വിജയമാക്കാനും മായാവതി പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി നേരത്തേ വ്യക്തമാക്കിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരം ത്രികോണമായിരിക്കണമെന്നാണ് മായാവതിയുടെ താൽപര്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം നിർണായക ശക്തിയായി മാറാനും അതുവഴി 'കിങ് മേക്കർ' പദവിയിലെത്താനും ബി.എസ്.പി ലക്ഷ്യമിടുന്നതായാണ് വിലയിരുത്തൽ.
എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉത്തർപ്രദേശിൽ ബി.എസ്.പിയുടെ വോട്ട് വിഹിതം തുടർച്ചയായി കുറഞ്ഞുവരികയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയ പാർട്ടിക്ക് 22 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്.2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം ഏറ്റവും മോശമായി. ആകെ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. വോട്ട് വിഹിതം 12.8 ശതമാനമായി കുറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഈ സാഹചര്യത്തിൽ ദലിത് വോട്ടുബാങ്ക് തിരിച്ചുപിടിക്കാനും സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും നിർണായക ശക്തിയായി ഉയർന്നുവരാനുമുള്ള ശ്രമമായാണ് മായാവതിയുടെ റാലിയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

