ട്രെയിൻ യാത്രയിൽ ഇനി ബ്രോസ്റ്റും പിസ്സയും... റെയിൽവേ സ്റ്റേഷനുകളിൽ കെ.എഫ്.സി, മക് ഡൊണാൾഡ്സ്, പിസ്സ ഹട് ഔട്‍ലറ്റുകളും വരുന്നു..
text_fieldsന്യൂഡൽഹി: ബോറടിപ്പിക്കുന്ന തീവണ്ടി യാത്രക്കിടയിൽ കെ.എഫ്.സി ബ്രോസ്റ്റും പിസ്സയുമെല്ലാമായാലോ. യാത്രയും ഹരമാവും, ഭക്ഷണവും കേമമാവും.
വടയും ഇഡ്ഡലിയും കഴിച്ച് മടുത്ത ട്രെയിൻ യാത്രക്കാർക്ക് രുചിയുടെ പുതു ലോകമൊരുക്കി കെ.എഫ്.സി, പിസ്സ ഹട്, മക് ഡൊണാൾഡ് ഉൾപ്പെടെ പ്രീമിയം ബ്രാൻഡ് ഫുഡ് ഔട്‍ലറ്റുകൾ തുറക്കാൻ അനുവാദം നൽകി റെയിൽവേ. കാറ്ററിങ് സേവനങ്ങൾ സംബന്ധിച്ച ചട്ടത്തിൽ ഭേദഗതി വരുത്തി റെയിൽവേ ബോർഡാണ് ശ്രദ്ധേയ നീക്കം നടത്തിയത്. വിമാനത്താവളങ്ങളിലും മറ്റും കാണുന്ന മാതൃകയിൽ പ്രീമിയം സിംഗ്ൾ ബ്രാൻഡ് ഫുഡ് ഔട്‍ലറ്റുകൾ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലും വൈകാതെ പ്രവർത്തനമാരംഭിക്കും.
മക്ഡൊണാൾഡ്സ്, കെ.എഫ്.സി, പിസ്സ ഹട്, ബാസ്കിൻ റോബിൻസ്, ബികാനീർവാല, ഹലദിറാം ഉൾപ്പെടെ നിരവധി മുൻനിര ഫുഡ് ബ്രാൻഡുകൾക്കാണ് ഇതുവഴി പ്രതിദിനം ലക്ഷക്കണക്കിന് പേർ യാത്രചെയ്യുന്ന റെയിൽവേ സ്റ്റേഷനുകളിലേക്ക് വാതിൽ തുറക്കുന്നത്.
രാജ്യവ്യാപകമായി 1200ഓളം റെയിൽവേ സ്റ്റേഷനുകളിലായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗാമായാവും ഇതും നടപ്പിലാവുന്നത്. നിലവിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളുടെ ആധുനിക വൽകരണം പുരോഗമിക്കുകയാണ്. ഇതോടനുബന്ധിച്ചാവും കൂടുതൽ സ്ഥലം ഉൾപ്പെടുത്തി സിംഗ്ൾ പ്രീമിയം ഫുഡ് ബ്രാൻഡുകളും റെയിൽവേ സ്റ്റേഷനുകളിലെത്തുന്നത്.
അതേസമയം, കാറ്ററിങ് സ്റ്റാളുകൾക്കും മറ്റുമായി റെയിൽവേയിലുള്ള റിസർവേഷൻ ക്വാട്ടയെ ബാധിക്കാതെ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം കണ്ടെത്തി പ്രീമിയം ബ്രാൻഡ് ഔട്‍ലറ്റുകൾ തുടങ്ങാൻ സൗകര്യമൊരുക്കണമെന്നാണ് നിർദേശം.
നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽ ചായ, ജ്യൂസ്, ലഘു ഭക്ഷണങ്ങൾ എന്നിങ്ങനെ മൂന്ന് തരം ഫുഡ് സ്റ്റാളുകൾ തുറക്കാനാണ് അനുവാദമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

