Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യയുടെ ആഭ്യന്തര...

‘ഇന്ത്യയുടെ ആഭ്യന്തര കാര്യം...’; യു.എസ് കോൺഗ്രസ് അംഗത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
FCRA
cancel
camera_alt

രൺധീർ ജയ്സ്വാൾ

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച യു.എസ് കോൺഗ്രസ് അംഗം റൈലി മൂറിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം.

നിയമനിർമാണങ്ങൾ രാജ്യത്തിന്റെ “ആഭ്യന്തര കാര്യങ്ങൾ” ആണെന്നും യു.എസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സമാന നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നീക്കം ക്രിസ്ത്യാനികൾക്കെതിരായ വ്യക്തമായ ആക്രമണമാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പ്രധാന പ്രശ്നമായി മാറുമെന്നും റൈലി മൂർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.

‘എഫ്.സി.ആർ.എയുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങൾ ഞങ്ങൾ കണ്ടു. ഇന്ത്യയുമായി ബന്ധപ്പെട്ട നിയമനിർമാണ വിഷയങ്ങൾ ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളാണ്, അവയിൽ തീരുമാനമെടുക്കുന്നത് രാജ്യത്തിന്റെ പാർലമെന്റാണ്. യു.എസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ വിദേശ ഫണ്ടുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നുണ്ട്’ -ചോദ്യത്തിന് മറുപടിയായി ജെയ്‌സ്വാൾ പറഞ്ഞു. നിർദിഷ്ട ഭേദഗതികൾ വഴി സർക്കാറിന് പള്ളികളുടെയും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുമെന്ന് റൈലി മൂർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ദീർഘകാല ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ് യു.എസ് കോൺഗ്രസ് അംഗം കഴിഞ്ഞദിവസം എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയിൽ ക്രിസ്തുമതത്തിന് വലിയ പാരമ്പര്യമുണ്ടെന്നും എന്നാൽ നിലവിൽ പാർലമെന്റ് പരിഗണിക്കുന്ന എഫ്.സി.ആർ.എ നിയമഭേദഗതി മതപരമായ ചാരിറ്റികളുടെയും പള്ളികളുടെയും മേൽ സർക്കാർ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്നും റൈലി മൂർ വിമർശിച്ചിരുന്നു.

അതേസമയം, ഏറെ കോലാഹലങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റ് പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വ്യാഴാഴ്ച പാർലമെന്റ് മന്ദിരത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ചക്കെത്തിയ കേരളത്തിൽ നിന്നുൾപ്പെടെയുള്ള ക്രിസ്ത്യൻ സഭാ നേതാക്കളടങ്ങുന്ന ‘ജോയിൻറ് ആക്ഷൻ ഫോറം ഓൺ മൈനോറിറ്റീസ്’പ്രതിനിധി സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഡി.എം.കെ നേതാവും തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ എം.പിയുമായ പി. വിൽസൺ മുൻകൈയെടുത്താണ് വിവിധ ക്രിസ്തീയ സഭകളുടെയും സംഘടനകളുടെയും നേതാക്കളുൾപ്പെട്ട സംഘത്തെ അമിത് ഷായുമായുള്ള ചർച്ചക്ക് കൊണ്ടുവന്നത്. ഈ മാസം 12ന് ബിൽ പാസാക്കാനായി എടുക്കുമെന്ന് അമിത് ഷാ പറഞ്ഞതായി ഇതേ വിഷയത്തിൽ ചർച്ചക്കെത്തിയ മിസോറം മുഖ്യമന്ത്രിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of External Affairsfcrarandhir jaiswal
News Summary - MEA Hits Back At US Congressman Over FCRA Remarks
Next Story