ഓപറേഷൻ സിന്ദൂർ; ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ ആദരം
text_fieldsന്യൂഡൽഹി: പാകിസ്താനെതിരായ ഓപറേഷൻ സിന്ദൂറിൽ അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച 16 അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) ജവാന്മാർക്ക് ധീരതക്കുള്ള മെഡൽ.
ശത്രുവിെന്റ നിരീക്ഷണ കാമറകൾ നശിപ്പിക്കുകയും ഡ്രോൺ ആക്രമണങ്ങൾ നിർവീര്യമാക്കുകയും ചെയ്തതിനാണ് സ്വാതന്ത്ര്യദിനത്തലേന്ന് മെഡൽ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് 2,290 കിലോമീറ്റർ നീളമുള്ള ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തി സംരക്ഷിക്കുന്നത് ബി.എസ്.എഫ് ആണ്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക് ഷെല്ലാക്രമണത്തിൽ ഇടതുകാൽ നഷ്ടമായ സബ് ഇൻസ്പെക്ടർ വ്യാസ് ദേവ്, കോൺസ്റ്റബിൾ സുദ്ധി രാഭ, അസി. കമാൻഡന്റ് അഭിഷേക് ശ്രീവാസ്തവ തുടങ്ങിയവർക്കാണ് പുരസ്കാരം. വീരമൃത്യുവരിച്ച സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാജ്, കോൺസ്റ്റബിൾ ദീപക് ചിങ്ങഖം എന്നിവർക്ക് മരണാനന്തര ബഹുമതിയായാണ് മെഡൽ സമ്മാനിക്കുക. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആകെ 124 സൈനികർക്കാണ് ധീരതക്കുള്ള സേന മെഡൽ പ്രഖ്യാപിച്ചത്.
ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര പുരസ്കാരം
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായ സൈനികരിൽ 36 പേർക്ക് ധീരതക്കുള്ള സേനാ മെഡൽ. പാക് തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നേരിട്ട് പങ്കാളികളായ ഒമ്പത് വ്യോമ സേന ഉദ്യോഗസ്ഥർക്ക് ധീരതക്കുള്ള മൂന്നാമത്തെ പരമോന്നത ബഹുമതിയായ വീർ ചക്ര ലഭിച്ചു. ഒരാൾക്ക് ശൗര്യ ചക്ര ബഹുമതിയും മറ്റു 26 പേർക്ക് വായുസേന മെഡലും ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.