ക്രമസമാധാനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെ തടയാൻ അധികാരമില്ല; ഡൽഹി പൊലീസിനെതിരെ മാധ്യമസംഘടന സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ക്രമസമാധാനപാലനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ ജോലിയിൽ ഇടപെടാനോ തടയാനോ പൊലീസിന് അധികാരമില്ലെന്ന് മാധ്യമസംഘടന സുപ്രീംകോടതിയിൽ. ഡൽഹിയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (എൻ.ഡബ്ല്യു.എം.ഐ) കോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന അതിക്രമങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഒക്ടോബറിൽ ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകരെ ബലമായി മാറ്റുകയും തടഞ്ഞുവെക്കുകയും വനിതാ റിപ്പോർട്ടർമാർ ലൈംഗികാതിക്രമം നേരിട്ടതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെന്നും യഥാർഥ മാധ്യമപ്രവർത്തകരുടെ ജോലിയിൽ ഇടപെട്ടിട്ടില്ലെന്നുമാണ് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കാമറയും മൈക്രോഫോണും കൈവശമുണ്ടെന്നതുകൊണ്ടുമാത്രം ഒരാൾ മാധ്യമപ്രവർത്തകനാകില്ലെന്നായിരുന്നു പൊലീസിന്റെ വാദം. പൊലീസിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത എൻ.ഡബ്ല്യു.എം.ഐ, 'റീൽ മേക്കർമാർ' എന്ന പൊലീസിന്റെ വിശേഷണം പിന്നീടുണ്ടാക്കിയ ന്യായീകരണമാണെന്ന് ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരെ തടഞ്ഞുവെക്കാൻ നിയമപരമായ അധികാരം എന്തായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നും സംഘടന പറഞ്ഞു. മാധ്യമപ്രവർത്തകരെ തടഞ്ഞ സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പരാതിക്കാരായ പൊലീസുകാർക്കെതിരെ അതേ പൊലീസ് സേന നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സംഘടന കോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ തൊഴിൽസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, അന്തസ്സും ശാരീരിക സുരക്ഷയും ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

